കേന്ദ്ര ബജറ്റ് ; പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി

2022 ലെ കേന്ദ്ര ബജറ്റ് കൊവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 25,000 കോടി രൂപ കുറവാണ്.

കൊവിഡ് കാലഘട്ടത്തില്‍ 39000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപമാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇത് പര്യാപ്തമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 4.63 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള്‍ നേരിടുന്ന വിവിധ മേഖലകള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 25,000 കോടി രൂപ കുറവാണ്.

കോവിഡ് കാലഘട്ടത്തില്‍ 39000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോള്‍ 5000 കോടി രൂപമാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇത് പര്യാപ്തമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 4.63 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഭക്ഷ്യ സബ്‌സിഡി 28 ശതമാനമാണ് വെട്ടിക്കുറിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന നടപടിയായിരിക്കും. വളം സബ്‌സിഡിയില്‍ വരുത്തിയ 25 ശതമാനത്തിന്റെ കുറവും നമ്മുടെ കാര്‍ഷിക മേഖലയെ ഗൗരവമായി ബാധിക്കുന്ന ഒന്നാണ്.

സഹകരണ മേഖലയിലെ നികുതി വിഹിതം കോര്‍പ്പറേറ്റുകള്‍ക്ക് തുല്യമാക്കി മാറ്റിയ നടപടി സഹകരണ മേഖലയെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നല്ല. ഗ്രാമവികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്നത് ഗ്രാമീണ വികസനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ പൊതു ചെലവുകള്‍ കൂട്ടണമെന്ന തത്വത്തെ ധനകാര്യ യാഥാസ്ഥിതികര്‍ കാലങ്ങളായി എതിര്‍ത്തുപോന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി തന്നെ പൊതു നിക്ഷേപ ചെലവുകള്‍ കൂട്ടേണ്ടത് സ്വകാര്യ നിക്ഷേപത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് വാക്കിലെങ്കിലും ഒരു മാറ്റമാണ്. എന്നാല്‍, ബജറ്റ് കണക്കുകളില്‍ നിന്നും കാണാന്‍ കഴിയുന്നത് ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്ന നടപടികള്‍ ഉണ്ടായിട്ടില്ലായെന്നാണ്.

സംസ്ഥാനത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ ഒന്നായി കേന്ദ്ര ബജറ്റ് മാറിയിട്ടില്ല. സംസ്ഥാനം ചിരകാലമായി ഉന്നയിക്കുന്ന അടിയന്തിരമായ ആവശ്യങ്ങളെ പരിഗണിക്കാനും ബജറ്റിന് കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ ചിരകാല ആവശ്യമായ ഏയിംസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച തുകയിലും ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. കെ-റെയിലും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

കോവിഡാനന്തര കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അതിന് അനുയോജ്യമായ വിധത്തില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

വായ്പാ പരിധി 5 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്തുന്നതിനായി നീക്കിവെച്ച തുകയിലെ കുറവും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ പ്രതിഫലിക്കപ്പെടുന്ന നിലയുണ്ടായിട്ടുണ്ട്. കെ-ഫോണ്‍, കിഫ്ബി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പദ്ധതികള്‍ ഇത്തരത്തിലുള്ളവയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം വികസന കാഴ്ചപ്പാടുകള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുവെന്നത് സന്തോഷകരമാണ്.

ഏറെ തടസ്സങ്ങളും അനാവശ്യമായ എതിര്‍പ്പുകളും നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ഈ പദ്ധതികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ സാമൂഹിക, ഭൗതിക, പശ്ചാത്തല മേഖലകളെ മുന്നോട്ടുനയിക്കാനുള്ള പദ്ധതികളും എയിംസ് അനുമതിയും ഈ ബജറ്റ് സമ്മേളനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയാണ്.


 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News