ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്ര ബജറ്റ്‌ പൂർണ പരാജയമെന്ന് പിബി

സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്ര ബജറ്റ്‌ പൂർണമായും പരാജയപ്പെട്ടുവെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌.

ജനവിരുദ്ധ, കോർപറേറ്റ്‌ പ്രീണന ബജറ്റിൽ പ്രതിഷേധിച്ചും വരുമാന നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താൻ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു.

ജനങ്ങൾ തൊഴിൽ നഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടത്‌. എന്നാൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു.

ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു. 2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021-22ൽ ബജറ്റ്‌ അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത്‌ ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു.

വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്‌. ജനങ്ങളിൽനിന്ന്‌ പരോക്ഷ നികുതികൾ പിരിച്ചാണ്‌ സർക്കാരിന്റെ വരുമാനം കൂട്ടിയത്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021-22ൽ 6.91 ശതമാനമായിരുന്നത്‌ 2022-23ൽ 6.25 ശതമാനമായി കുറഞ്ഞു.

കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കൊവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല.

രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ല – പിബി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here