കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയുടെ വികസനത്തിന് കാര്യമായ പരിഗണനകൾ ഇല്ലാത്തത് നിരാശാജനകം ; മന്ത്രി പി. പ്രസാദ്

കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ച കേന്ദ്രഗവൺമെന്റ് അതിന് വേണ്ടി കാര്യമായ പദ്ധതികൾ ഒന്നും തന്നെ പുതിയ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചില്ല എന്നത് നിരാശാജനകമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ബഡ്ജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലക്കായി മാറ്റി വെച്ചുവെങ്കിൽ ഇത്തവണ അത് 3.35% തുകയായി കുറയുകയാണുണ്ടായത്. 34.83 ലക്ഷം കോടി രൂപയുടെ ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് മാറ്റി വെച്ചത് വെറും 1.23 ലക്ഷം കോടി രൂപ മാത്രമാണ്. കൊവിഡ് കാലത്ത് വികസത്തിനുള്ള ഉത്തമ ഉപാധി കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇത് മനസ്സിലാക്കി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ കേന്ദ്ര ധനകാര്യ മന്ത്രി പരാജയപ്പെട്ടു എന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിലയിരുത്തി.

കാർഷിക മേഖലയിലെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടുന്നതിന് ബഡ്ജറ്റ് പര്യാപ്തമല്ല. കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, മണ്ണൊലിപ്പ്, വന്യജീവികളുടെ ആക്രമണം തുടങ്ങിയവ നേരിടുന്നതിന് ഒരു പദ്ധതിയും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ല.

സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ മുന്നോട്ട് വെച്ചിരുന്ന പ്രധാന ആവശ്യമായിരുന്നു , കർഷകത്തൊഴിലാളികളെ MGNREGS പദ്ധതിയിൽ കൊണ്ടുവരണമെന്നത്. ഈ ആവശ്യം പാടേ നിരാകരിക്കപ്പെട്ടു. കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് കാർഷിക വിളകളുടെ ശീതീകരണ സംഭരണത്തിനും വിപണനത്തിനും പുതിയ പദ്ധതികൾ ഒന്നും തന്നെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാ എന്നത് ഖേദകരമാണ്.

കൂടുതൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഫാർമേഴ്സ് പ്രോഡ്യൂസേഴ്സ് കമ്പനികൾ തുടങ്ങുന്നതിന് കഴിഞ്ഞ ബഡ്ജറ്റിൽ 700 കോടി ഉൾപ്പെടുത്തിയിരുന്നത് ഈ ബഡ്ജറ്റിൽ 500 കോടിയായി കുറച്ചിരിക്കുകയാണ്. അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 900 കോടിയായിരുന്നത് 500 കോടിയായും മാർക്കറ്റ് ഇടപെടലുകൾക്ക് 3595.61 കോടി ഉണ്ടായിരുന്നത് വെറും 1500 കോടി രൂപയായും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നെല്ല്, ഗോതമ്പ്കൃഷികൾക്ക് ലഭ്യമാക്കിയിരുന്ന പദ്ധതി ആനുകൂല്യങ്ങൾ പയറുവർഗ്ഗ വിളകൾക്കും ചെറുധാന്യങ്ങൾക്കും മാത്രമായി ഒതുക്കി.

ഡിജിറ്റൽ അഗ്രികൾച്ചറൽ പദ്ധതി 60 കോടി രൂപ മുടക്കി PPP മാതൃകയിൽ നടപ്പിലാക്കുന്നത് കുത്തക കമ്പനികൾക്ക് കാർഷിക മേഖലയിലേക്ക് വാതിൽ തുറന്നു കൊടുക്കുന്നതും കാർഷിക മേഖലയിലെ ഡേറ്റാകൾ സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തുമെന്നും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഈ ബഡ്ജറ്റിലൂടെ ഒരുമിപ്പിച്ച് RKVY പദ്ധതിയിൽ കൊണ്ടുവരുന്നത് കർഷകർക്ക് പ്രയോജനകരമാകില്ല എന്നും കൃഷി മന്ത്രി ആശങ്കപ്പെട്ടു.

ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകന് ആശ്വാസകരമാകുന്ന യാതൊരു നടപടികളും സ്വീകരിക്കാതെ കുത്തക മുതലാളികൾക്കും ഉപരിവർഗ്ഗത്തിനും വേണ്ടിയുള്ള ബഡ്ജറ്റാണ് കേന്ദ്രഗവൺമെന്റ് അവതരിപ്പിച്ചതെന്നും ഇതിൽ കേരളത്തിനുള്ള ആശങ്കയും പ്രതിഷേധവും അറിയിക്കുന്നുവെന്നും കൃഷി മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel