ലീഗിന് വീണ്ടും തിരിച്ചടി ; മുസ്ലിം കോർഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍വാങ്ങി

ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിൻവാങ്ങി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നും വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നും സമസ്ത മുശാവറ യോഗം തീരുമാനിച്ചു. വഖഫ് വിഷയത്തിൽ പള്ളികളിലെ പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണ് കോർഡിനേഷൻ കമ്മിറ്റി തന്നെ അപ്രസക്തമാക്കുന്ന സമസ്തയുടെ തീരുമാനം.

രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗ് മുൻകൈ എടുത്ത് രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയെന്ന സ്ഥിരം സംവിധാനം വേണ്ടെന്നാണ് സമസ്തയുടെ തീരുമാനം. അടിയന്തിര ഘട്ടങ്ങളിൽ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങൾക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം.

ഈ സമിതിയുമായി മാത്രം സഹകരിക്കും. യോഗത്തിൽ ആര് പങ്കെടുക്കണമെന്ന് സമസ്ത നേതൃത്വം തീരുമാനിക്കും. എന്നാൽ സമസ്ത, സ്ഥിരം കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാകില്ല. കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനത്തിന് സമസ്ത ഏകോപന സമിതി അംഗീകാരം നൽകിയതായി എസ്.വൈ.എസ്. സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്ക് പ്രാതിനിധ്യമുള്ളതും സ്ഥിരം കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാകേണ്ടെന്ന തീരുമാനത്തിന് പിന്നിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ താൽപ്പര്യത്തിന് ലീഗ് വഴങ്ങുന്നു എന്ന വിമർശനത്തിനിടെയാണ് സമസ്തയുടെ തീരുമാനം.

വഖഫ് വിഷയത്തിൽ സർക്കാറിനെതിരെ പ്രക്ഷോഭ പരിപാടികൾക്കായാണ് മുസ്ലിം ലീഗ് നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചത്. പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് സമസ്ത പിൻവാങ്ങിയതായിരുന്നു ആദ്യ തിരിച്ചടി.

എന്നാൽ കോർഡിനേഷൻ കമ്മിറ്റിയുമായി സഹകരിച്ചു. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി വേണ്ടെന്ന സമസ്ത തീരുമാനം വന്നതോടെ ഇത്തരം പ്രതിഷേധങ്ങളിൽ നിന്ന് സമസ്ത അംഗങ്ങൾ പൂർണ്ണമായി വിട്ടുനിൽക്കും. സമസ്ത പിൻവാങ്ങിയതോടെ ലീഗ് നേതൃത്വത്തിൽ രൂപീകരിച്ച മുസ്ലിം കോഡിനേഷൻ കമ്മിറ്റി തന്നെ അപ്രസക്തമായി. രാഷ്ട്രീയമായി ലീഗിന് വലിയ തിരിച്ചടിയാണ് സമസ്തയുടെ തീരുമാനം.

സമുദായവുമയി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലീഗ് അല്ല കൈകാര്യം ചെയ്യേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ മാത്രം പങ്കെടുക്കുമെന്ന സമസ്തയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News