ഗ്രീസിലും തുര്‍ക്കിയിലും കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും. യൂറോപ്പിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും മഞ്ഞുവീഴ്ചയും പതിവില്ലാത്തതാണ്. ദുഷ്‌കരമായി തുടരുന്ന ശൈത്യം ജനജീവിതത്തെ ആകെ തടസപ്പെടുത്തി.

എല്‍പിഡ എന്ന മഞ്ഞുകാറ്റാണ് കാലാവസ്ഥാ രൂക്ഷമാവാന്‍ കാരണം. പ്രദേശത്ത് ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. കനത്ത മഞ്ഞു വീഴ്ച മൂലം ഗ്രീസിലെ പ്രധാന ഹൈവേയുടെ പല ഭാഗങ്ങളും അടച്ചിരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സ് മുഴുവനായും മഞ്ഞുമൂടി. ഏതന്‍സിലെ പ്രധാന റോഡുകളില്‍ 1200 കാറുകളാണ് കുടുങ്ങിയത്. ഗ്രീക്ക് സംസ്‌കാരത്തിന്റെ തന്നെ ശേഷിപ്പായ അതീനിയന്‍ കുന്നുകളിലെ അക്രോപോളിസിലെ പാര്‍ഥിനോണ്‍ ക്ഷേത്രം മഞ്ഞില്‍ പുതഞ്ഞു.

ഗ്രീസില്‍ സാധാരണ വാര്‍ഷിക കണക്ക് അനുസരിച്ച് വെറും 1.3 സെന്റിമീറ്റര്‍ മാത്രമേ മഞ്ഞ് വീഴ്ച്ചയുണ്ടാവാറുള്ളൂ. കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് തവണ മാത്രമാണ് ശൈത്യകാലത്ത് മഞ്ഞുവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തവണ എല്‍പിഡ കാരണം എട്ട് സെന്റിമീറ്റര്‍ കനത്തില്‍ മഞ്ഞ് മൂടിക്കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം 10 സെന്റിമീറ്റര്‍ കനത്തിലായിരുന്നു മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നത്.

നിരവധിപേര്‍ മഞ്ഞില്‍ ഒറ്റപ്പെട്ടുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ രക്ഷിക്കാന്‍ സൈന്യം ഇറങ്ങുകയും ആവശ്യമായ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും പുതപ്പുകളും നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇവരെ രക്ഷിക്കാന്‍ സൈന്യം ഇറങ്ങി. വാഹനങ്ങളിലും അല്ലാതെയും കുടുങ്ങിക്കിടന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൈന്യം രക്ഷിച്ചവരുടെ എണ്ണം 3500 കടന്നു.

മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസില്‍ അപൂര്‍വമായി സംഭവിക്കുന്ന മഞ്ഞിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സര്‍ക്കാരും ഗവേഷകരും ഇത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വേനലിലെ കടുത്ത ചൂടും കാട്ടുതീയും കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ടൊര്‍ണാഡോ കൊടുങ്കാറ്റിന് സമാനമായി മഞ്ഞും വെള്ളവും ചേര്‍ന്ന് ഒരു ചുഴലിക്കാറ്റിനും ഗ്രീസ് സാക്ഷിയായി.

മഞ്ഞുവീഴ്ച്ചയുടെ സമയത്ത് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും കരിങ്കടലിലും ഉപരിതല ഊഷ്മാവ് 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു എന്നാണ് യു.എസ് വാര്‍ത്താ ചാനല്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അധിക ഊഷ്മാവ് ശൈത്യകാല കാറ്റിന് കൂടുതല്‍ ശക്തി നല്‍കിയെന്നും വായുവില്‍ കൂടുതല്‍ ബാഷ്പം ഉണ്ടാകാനും കാരണമായി. ഇത് മഞ്ഞുവീഴ്ച്ചയുടെ അളവും വര്‍ധിപ്പിച്ചു എന്നാണ് കണക്കുകൂട്ടല്‍

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലും മഞ്ഞ് വീഴ്ച്ച ശക്തമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന വിമാനത്താവളത്തിലെ റണ്‍വേയില്‍ മഞ്ഞ് മൂടിയതോടെ വിമാന സര്‍വീസുകള്‍ നിലച്ചു. കാറുകള്‍ റോഡില്‍ ഇറക്കരുതെന്നാണ് ഇസ്താംബൂളിലെ ജനങ്ങള്‍ക്ക് നല്‍കിയ ഒരു നിര്‍ദേശം. ജന ജീവിതം ദുസ്സഹമായി തുടരുകയാണ്. 55,000 ടണ്‍ ഉപ്പ് ഉപയാഗിച്ച് മഞ്ഞ് അലിയിക്കാനുള്ള ശ്രമത്തിലാണ് തുര്‍ക്കി സര്‍ക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here