10 രൂപയുടെ ഊണ് മാത്രമല്ല, ഇനിമുതൽ ചപ്പാത്തിയും കിട്ടും സമൃദ്ധിയിൽ

പത്തുരൂപയ്ക്ക് ഊണ്‌ വിളമ്പുന്ന ‘സമൃദ്ധി @ കൊച്ചി’യിലേക്ക് കുടുംബശ്രീയുടെ ചപ്പാത്തി യൂണിറ്റ് എത്തുന്നു. അടുത്തമാസം പ്രവർത്തനം തുടങ്ങും. ലിബ്ര ഹോട്ടലിൽ ഷീ ലോഡ്‌ജ്‌ പ്രവർത്തനം ആരംഭിക്കുന്നതോടെ രാത്രിയിലും ഭക്ഷണം വേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് സമൃദ്ധിയിൽ ചപ്പാത്തി യൂണിറ്റ് ആരംഭിക്കുന്നതെന്ന് ന​ഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ പറഞ്ഞു.

ചപ്പാത്തി യൂണിറ്റിനുപുറമെ ന​ഗരസഭാപരിധിയിൽ കുടുംബശ്രീയുടെ മറ്റൊരു ചപ്പാത്തി യൂണിറ്റുകൂടി ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്‌. ആവശ്യപ്പെടുന്ന കുടുംബശ്രീ സംരംഭകർക്ക്‌ യൂണിറ്റ് അനുവദിക്കും. സംരംഭകർ എത്തിയില്ലെങ്കിൽ ലിബ്ര ഹോട്ടലിൽത്തന്നെ രണ്ടാമത്തെ ചപ്പാത്തി യൂണിറ്റും പ്രവർത്തനം ആരംഭിക്കും.

ചപ്പാത്തി ജനകീയ ഹോട്ടലുകളിലൂടെ വിൽക്കാനാണ് ആലോചിക്കുന്നത്‌. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ അനുവദിക്കും. ​ചപ്പാത്തി മേക്കർ വാങ്ങുന്നമുറയ്ക്ക് കുടുംബശ്രീ പ്രവർത്തകർക്ക് നഗരസഭ പരിശീലനം നൽകും.

നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സമൃദ്ധി @ കൊച്ചിയിലൂടെ 30 കുടുംബശ്രീ പ്രവർത്തകർക്ക് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട്. ചപ്പാത്തി യൂണിറ്റുകൾ വരുന്നതോടെ സ്ത്രീകൾക്ക് തൊഴിലവസരം കൂടും.മേയർ എം അനിൽകുമാർ ആദ്യബജറ്റിൽ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഏഴിനാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

10 രൂപ ഊണ്‌ കൂടാതെ പ്രഭാതഭക്ഷണവും ലഭ്യമാണ്. 30 രൂപയ്‌ക്ക്‌ മീൻ വറുത്തതും വാങ്ങാം. ഒരേസമയം 100 മീൻകഷണം വറുക്കാവുന്ന അത്യാധുനിക തവയിലാണ് പാചകം. മസാല തയ്യാറാക്കുന്നതും ഇവിടെത്തന്നെയാണ്.

ദിവസേന പാഴ്സൽ ഉൾപ്പെടെ 3500 ഊണ് വിൽക്കുന്നുണ്ട്. പാഴ്സലിന് 15 രൂപയാണ് ഈടാക്കുന്നത്. ഒരാൾക്ക് പരമാവധി നാലു പാഴ്സൽ നൽകും. കുടുംബശ്രീ യോ​​ഗങ്ങൾ ഉൾപ്പെടെ ചെറുയോഗങ്ങൾക്ക് 25 രൂപ നിരക്കിലാണ് ഊണ് നൽകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here