വധ ഗൂഢാലോചനക്കേസ്: ദിലീപിന് നാളെ നിര്‍ണായകം

വധ ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം നാളെ.ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ കോടതിയില്‍ എത്തിച്ച ഫോണുകള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു.

എന്നാല്‍ ഫോണ്‍ തുറക്കാനായി പ്രതികള്‍ നല്‍കിയ പാറ്റേണുകള്‍ കോടതിയില്‍ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയ്ക്ക് കൈമാറിയ 6 ഫോണുകള്‍ ഇന്നലെ രാത്രിയോടെതന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചിരുന്നു.

വധ ഗൂഢാലോചനക്കേസ് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഈ ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈെംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ ആലുവ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.ഇതെത്തുടര്‍ന്ന് ഫോണുകളുടെ പാറ്റേണ്‍ അറിയിക്കാന്‍ പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

പിന്നീട് പ്രതികള്‍ പാറ്റേണ്‍ കൈമാറിയെങ്കിലും ഇത് ശരിയാണൊയെന്ന് അറിയാന്‍ കോടതിയില്‍ വെച്ച് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഈ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു.പ്രോസിക്യൂഷന്‍ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ചുവരുത്തിയത് ശരിയായില്ലെന്നും ഫോണുകള്‍ കോടതിയില്‍ വെച്ച് തുറക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

സീല്‍ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേണ്‍ തെറ്റാണെങ്കില്‍ പരിശോധനാ ഫലം വൈകുമെന്നും അങ്ങനെ വൈകിപ്പിക്കുന്നതിലൂടെ കേസ് നീട്ടാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഫോണ്‍ തുറക്കുന്നതിലൂടെ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ മറുവാദം.

അങ്ങനെയെങ്കില്‍ ഫോണും പാറ്റേണും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. അതേ സമയം തുറന്ന കോടതിയില്‍ ഏതാനും സെക്കന്‍റുകള്‍ മാത്രം ഫോണ്‍ തുറന്ന് പരിശോധിച്ചാല്‍ എങ്ങനെ കൃത്രിമം നടക്കുമെന്ന് കോടതി ചോദിച്ചു.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനിടെ പ്രതികളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.അതേ സമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ പ്രതികള്‍ കോടതിക്ക് കൈമാറിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നിലപാട് ദിലീപിന് നിര്‍ണ്ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News