മുഖ്യമന്ത്രി അബുദാബി ചേംബർ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിൻ്റെ തീരുമാനം.

അബുദാബി ചേംബർ ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്കം, ഇൻകെൽ മാനേജിംഗ് ഡയറക്ടർ ഡോ: ഇളങ്കോവൻ, ഓ.എസ്.ഡി മിർ മുഹമ്മദ് എന്നിവരെ ചേംബർ ചെയർമാൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേരളവും അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിൻ്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപ സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിൻ്റെ സഹകരണവും പിന്തുണയും മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനുവേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്.

അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി, ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹെരി എന്നിവരും പങ്കെടുത്തു. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലുള്ള ചേംബറുകളുടെ കൂട്ടായ്‌മായ ഫെഡറേഷൻ ഓഫ് യു.എ.ഇ. ചേംബർ ഓഫ് കോമേഴ്സ് (യു.എ.ഇ. ചേംബർ) ചെയർമാൻ കൂടിയാണ് അബ്ദുള്ള അൽ മസ്രോയി. അബുദാബിയുടെയും യു.എ.ഇ.യുടെയും വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്ഥാനമുള്ള സ്ഥാപനമാണ് അബുദാബി ചേംബർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here