ലാന്‍റ് റവന്യു വകുപ്പില്‍ ജീവനക്കാര്‍ക്ക് വില്ലേജ് ഓഫീസിലെ സേവനം നിര്‍ബന്ധമാക്കും; മന്ത്രി കെ. രാജന്‍

ലാന്‍റ് റവന്യു വകുപ്പിലെ ജീവനക്കാര്‍ക്ക് വകുപ്പിലെ അടിസ്ഥാന ഓഫീസുകളായ വില്ലേജ് ഓഫീസുകളിലെ സേവനം നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു.

എല്ലാ ബുധനാഴ്ചകളിലും ചേരുന്ന റവന്യു സെക്രട്ടേറിയേറ്റിന്റെ തീരുമാനപ്രകാരമാണ് ഈ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ഇതിനായി സ്‌പെഷല്‍ റൂളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനായി ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് റവന്യു വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തി.

വില്ലേജ് ഓഫീസര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കണമെങ്കില്‍ ക്ലര്‍ക്ക്/സീനിയര്‍ ക്ലര്‍ക്ക് തസ്തികകളില്‍ കുറഞ്ഞത് 3 വര്‍ഷമെങ്കിലും വില്ലേജ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. തുടര്‍ന്ന് ഡെ.തഹസില്‍ദാര്‍ /ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വില്ലേജ് ഓഫീസര്‍ തസ്തികയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ സേവനവും നിര്‍ബന്ധമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലെ സേവനമില്ലാതെ ഉയര്‍ന്ന തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഫീല്‍ഡിലുള്ള പരിചയ കുറവ് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.

വില്ലേജ് സേവനം നിര്‍ബന്ധമാക്കുന്നതിനായി 1985 ലെ റവന്യു മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സും 1980 ലെ റവന്യു സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സും ഭേദഗതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സര്‍വ്വീസ് സംഘടനകളെല്ലാം സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News