ലോകായുക്ത വിഷയം: ഗവർണർക്ക് സർക്കാർ നൽകിയ മറുപടി ഉദാഹരണ സഹിതം അക്കമിട്ട് നിരത്തിയുള്ളത്

ലോകായുക്ത വിഷയത്തിൽ ഗവർണർക്ക് സർക്കാർ നൽകിയ മറുപടി ഉദാഹരണ സഹിതം അക്കമിട്ട് നിരത്തിയുള്ളത്. മന്ത്രി മാരെ പുറത്താക്കാൻ ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്ന് സർക്കാർ ചോദിക്കുന്നു.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾക്ക് ഗവർണർക്ക് നൽകിയ  മറുപടിയിൽ സർക്കാർ കൃത്യമായ വിശദീകരണമാണ് നൽകുന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ  പ്രതിപക്ഷ നേതാവ്  ഉന്നയിച്ച ആരോപണങ്ങൾ  പൂർണമായി നിരാകരിക്കുന്ന വസ്ഥുതകൾ തുറന്ന് കാട്ടിയാണ് സർക്കാരിന്‍റെ വിശദീകരണം വി.ഡി. സതീശൻ ഗവർണ്ണർക്ക് നൽകിയ കത്തിൽ ഒരു പൊതുപ്രവർത്തകന്‍റെ സ്ഥാനം ക്വോ വാറന്‍റോ റിട്ട് പുറപ്പെടുവിച്ച് ഒഴിയാൻ ആവശ്യപ്പെടാൻ  ഹൈക്കോടതിക്ക് ഭരണഘടനാ ദത്തമായ അധികാരമുണ്ടെന്നു പറയുന്നുത വസ്തുതാ വിരുദ്ധമെന്ന്  സർക്കാർ വിശദീകരിക്കുന്നു.

ഹൈക്കോടതിയുടെ റിട്ട് അധികാരപരിധി ഭരണഘടനയുടെ ആർട്ടിക്കിൾ 226-നു അനുസൃതമായാണ് നിലനിൽക്കുന്നതെങ്കിലും, ഇതിനെ ഒരു സാധാരണ നിയമത്തിൽ പരിഗണിക്കാനാവില്ല.ഇവിടെ ഗവർണറുടെ പ്രീതിക്കും മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്കും അനുസൃതമായി നിയമിക്കപ്പെട്ട മന്ത്രിയ്ക്ക് എതിരെ റിട്ട് ഓഫ് ക്വൊ വാറന്‍റോ നിലനിൽക്കില്ലെന്നും വ്യക്തമാക്കുന്നു.1986 ലെ കെ.സി. ചാണ്ടി vs ആർ ബാലകൃഷ്ണപിള്ള  വിധി ഉദാഹരണമായി സർക്കാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വിധിയിൽ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഈ നിലപാട് അംഗീകരിച്ചതാണന്നും സർക്കാർ മറുപടിയിൽ പറയുന്നു.അതുപ്രകാരം ഗവർണറാൽ നിയമിക്കപ്പെട്ട ഒരു മന്ത്രിയുടെ കാലാവധി അവസാനിപ്പിക്കുന്നതിനു കോടതിയ്ക്ക് അധികാരമില്ല.ഹൈക്കോടതിയ്ക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്ത് എന്ന  ചോദ്യവും  സർക്കാർ ഉന്നയിക്കുന്നു.

ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച സർക്കാർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.1999-ലെ കേരള ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുത, കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ജുഡീഷ്യൽ അവലോകനത്തിന് ഇതുവരെ വിഷയമായിട്ടില്ല.അത്തരമൊരു വ്യവസ്ഥ നിയമത്തിൽ എത്രകാലം നിലനിന്നു എന്നത് അതിന്‍റെ ഭരണഘടനാ സാധുത വിലയിരുത്തുന്നതിനുള്ള മാനദണ്ഡമേയല്ല .

സ്വാഭാവിക നീതിയുടെ ലംഘനം തടയാൻ ഉദ്ദേശിച്ചുള്ള നിർദ്ദിഷ്ട ഭേദഗതി യഥാർത്ഥത്തിൽ സ്വാഭാവിക നീതി തത്വത്തിന്റെ അടിസ്ഥാനത്തിനു  വിരുദ്ധമാണ് എന്ന വാദത്തിൽ കഴമ്പില്ല. മുഖ്യമന്ത്രിയുടെ കാര്യത്തിൽ 1999 ലെ കേരള ലോകായുക്ത നിയമപ്രകാരം ഗവർണ്ണർ വിവേചനാധികാരമാണ് വിനിയോഗിക്കുന്നത്. ചട്ടം അസന്നിഗ്ധമായി അങ്ങനെ പറയുമ്പോൾ മുഖ്യമന്ത്രി സ്വന്തം കേസിൽ ജഡ്ജിയാകുന്നു എന്ന വാദം വസ്തുതാവിരുദ്ധവും യുക്തിശൂന്യവുമാകുന്നു എന്നും മറുപടിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു .

മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും എതിരെയുണ്ടാകാമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രതികൂല വിധികളെ അട്ടിമറിക്കാനാണ് നിർദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നതെന്ന  പ്രതിപക്ഷ  ആരോപണം അയഥാർത്ഥമായതാണ്. പ്രതിപക്ഷ നേതാവിന്റെ ആരോപണം തീർത്തും ഭാവനാത്‌മകമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ആരോപണം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. നിർദ്ദിഷ്ട ഭേദഗതികളുടെ ലക്ഷ്യങ്ങളും കാരണങ്ങളും സർക്കാർ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അവ നിയമപരവും യുക്തിസഹവും ന്യായമുള്ളതുമാണെന്നും സർക്കാർ വിശദീകരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News