ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ

അണ്ടർ -19 ക്രിക്കറ്റ് പുരുഷ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ.ഓസ്ട്രേലിയയെ 96 റൺസിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പടയുടെ ഫൈനൽ പ്രവേശം.മറ്റന്നാൾ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

‘ക്യാപ്ടൻ കൂൾ’ യഷ് ധുലായിരുന്നു കൂളിഡ്ജ് ഗ്രൗണ്ടിൽ ഇന്ത്യയുടെ ബാറ്റിംഗ് ഹീറോ.സ്കോർ ബോർഡിൽ 37 റൺസ് നിൽക്കെ ഓപ്പണർമാരായ അങ്ക്രിഷ് രഘുവംശിയെയും ഹർനൂർ സിങ്ങിനെയും നഷ്ടമായി ഇന്ത്യ ബാറ്റിംഗ് തകർച്ചയെ നേരിടുന്ന ഘട്ടത്തിലായിരുന്നു യഷ് ധുൽ ക്രീസിലെത്തിയത്.

ഉപനായകൻ ഷെയ്ഖ് റഷീദിനെ കൂട്ടുപിടിച്ച് പിന്നെ നായകൻ നടത്തിയത് വീരോചിത പോരാട്ടമാണ്. ഓസീസ് ബൌളർമാരെ കണക്കറ്റ് പ്രഹരിച്ച് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഷെയ്ഖ് റഷീദിനൊപ്പം യഷ് ധുൽ ചേർത്തത് 204 റൺസാണ്. 10 ബൌണ്ടറിയും ഒരു സിക്സറും ഉൾപ്പെടെ 110 റൺസ് നേടിയായിരുന്നു ധുലിന്റെ മടക്കം. 8 ബൌണ്ടറിയും ഒരു സിക്സറും ഉൾപ്പടെ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഷെയ്ഖ് റഷീദിന് ആറ് റൺസകലെ സെഞ്ചുറി നഷ്ടമായി.

അവസാന ഓവറുകളിൽ നിഷാന്ത് സിന്ധുവും ദിനേഷ് ബനയും കൂറ്റനടികൾ കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസിലെത്തി. ഓസ്ട്രേലിയൻ നിരയിൽ ജാക്ക് നിസ്ബറ്റും വില്യം സാൽസ്മാനും 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കങ്കാരുക്കൾക്ക് ഓപ്പണർ വില്ലിയെ പെട്ടെന്ന് നഷ്ടമായെങ്കിലും കെല്ലാ വേ- കോറി മില്ലർ കൂട്ടുകെട്ട് നിലയുറപ്പിച്ച് കളിച്ചതോടെ ഇന്ത്യ ആശങ്കയിലായി. 38 റൺസെടുത്ത കോറി മില്ലറെ ലെഗ് ബിഫോറാക്കി അങ്ക്രിഷ് രഘുവംശിയുടെ വക ഇന്ത്യയ്ക്ക് ഒരുഗ്രൻ ബ്രേക്ക് ത്രൂ . പിന്നാലെ 30 റൺസെടുത്ത കെല്ലാവേ വിക്കി ഓസ്വാളിന്റെ പന്തിൽ പവലിയനിലേക്ക്. : 9 പന്തിൽ 3 റൺസെടുത്ത നായകൻ കൊനോളിയെ നിഷാന്ത്സിന്ധു പുറത്താക്കിയതോടെ ഓസീസ് സമ്മർദ്ദത്തിൽ .

ഒറ്റയാൾ പോരാട്ടത്തിലൂടെ അർധസെഞ്ച്വറി തികച്ച ലച്ച്ലൻഷായെ ക്ലീൻബൌൾഡാക്കി രവികുമാറിന്റെ വക വീണ്ടും പ്രഹരം. ജാക്ക് സിൻഫീൽഡും ടോം വിറ്റ്നിയും പൊരുതി നോക്കിയെങ്കിലും ഓസീസ് ബാറ്റിംഗ് 41.5 ഓവറിൽ 194 റൺസിൽ അവസാനിച്ചു.

3 വിക്കറ്റെടുത്ത വിക്കി ഓസ്വാളാണ് ഓസീസ് വാലറ്റത്തെ കടപുഴക്കിയത്. ടൂർണമെന്റ് ചരിത്രത്തിൽ ഇന്ത്യൻ കൌമാരപ്പടയുടെ എട്ടാം ഫൈനലാണിത്. ഫെബ്രുവരി 5 ന് നോർത്ത് സൌണ്ടിലെ സർ വിവിയൻ റിച്ചാർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News