കേന്ദ്ര ബജറ്റിന്റെ ദിശ എങ്ങോട്ട്? പുത്തലത്ത് ദിനേശൻ എഴുതുന്നു…..

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം രാജ്യം വലിയ ചർച്ചയിലാണ്. മാധ്യമങ്ങൾ കേന്ദ്ര ബജറ്റിന്റെ വിശേഷങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. എന്നാൽ ബജറ്റിനെ ശരിയായ രീതിയില്‍ വിശകലനം ചെയ്യാനോ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കാനോ പൊതുവില്‍ തയ്യാറായിട്ടില്ലായെന്ന പ്രശ്‌നം നിലനില്‍ക്കുന്നു.

അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് കൃത്യമായി വിശകലനം ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എഴുതുന്നു.

കേന്ദ്ര ബജറ്റിന്റെ ദിശ എങ്ങോട്ട്?

കേന്ദ്ര ബജറ്റിന്റെ വിശേഷങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ പൊതുവില്‍ മത്സരിക്കുകയാണ്. ബജറ്റിനെ ശരിയായ രീതിയില്‍ വിശകലനം ചെയ്യാനോ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കാനോ പൊതുവില്‍ തയ്യാറായിട്ടില്ലായെന്ന പ്രശ്‌നം നിലനില്‍ക്കുന്നു.

കൊവിഡ് 19 ന്റെ വ്യാപനത്തോടെ നമ്മുടെ സാമ്പത്തിക വ്യവഹാരങ്ങളെല്ലാം തടയപ്പെടുകയും സാധാരണക്കാരുടെ ജീവിതം പലവിധ പ്രതിസന്ധികളില്‍ ചെന്നുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ വമ്പിച്ച സൗജന്യങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനു ഉതകുന്നതാവണം ബജറ്റ് എന്നാണ് നാടിനെ സ്‌നേഹിക്കുന്ന ആരും ആഗ്രഹിച്ച് പോകുക. രാജ്യത്തെ അസന്തുലിതാവസ്ഥ വന്‍തോതില്‍ വളരുന്ന ഘട്ടം കൂടിയാണിത്.

1991 ല്‍ എറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈയ്യിലായിരുന്നു രാജ്യത്തിന്റെ 16 ശതമാനം സ്വത്ത്. അത് ഇപ്പോള്‍ 45 ശതമാനത്തിന് മേലെയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം പാവങ്ങളുടെ സ്വത്ത് വിഹിതം 1991 ല്‍ 8.8 ശതമാനമായിരുന്നത് 2.5 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രവത്ക്കരിക്കപ്പെടുന്ന ഘട്ടത്തില്‍ അവരെ സഹായിക്കുന്നതിനുള്ള യാതൊരു സമീപനവും ഈ ബജറ്റിലില്ല.

രാജ്യത്ത് വലിയ പ്രക്ഷോഭമാണ് കാര്‍ഷിക മേഖലയില്‍ നടന്നത്.അ തിന്റെ പശ്ചാത്തലത്തില്‍ വലിയ പരിഗണന ലഭിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ വിഹിതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപ വെട്ടിക്കുറക്കുകയാണ് ഉണ്ടായിട്ടുള്ളത്. വളം സബ്‌സിഡിയുടെ കാര്യത്തില്‍ 25 ശതമാനം വെട്ടിക്കുറവ് ഉണ്ടാക്കിയത് കാര്‍ഷിക ഉത്പാദനത്തെയും ബാധിക്കുന്നതാണ്.

ഗ്രാമീണ വികസനത്തിനുള്ള വിഹിതമാവട്ടെ 5.59 ശതമാനത്തില്‍ നിന്ന് 5.23 ശതമാനമായി കുറക്കുകയും ചെയ്തു. ഗ്രാമീണ മേഖലയില്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി നില്‍ക്കുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 25000 കോടി രൂപയുടെ വെട്ടിക്കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഗൗരവകരമായ മറ്റൊരു വെട്ടിക്കുറവ് ഉണ്ടായിരിക്കുന്നത് ഭക്ഷ്യസുരക്ഷാ മേഖലയുമായി ബന്ധപ്പെട്ടാണ്. ഭക്ഷ്യ സബ്‌സിഡി ഇനത്തില്‍ 92145 കോടി രൂപയാണ് വെട്ടിച്ചുരുക്കിയിട്ടുള്ളത്. ഇത് പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്നതിനും കോവിഡ് കാരണം ദുര്‍ബലമായ ദരിദ്ര-ഗ്രാമീണ ജനതയുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

ദുര്‍ബല ജനവിഭാഗങ്ങളുടെ പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 22 ലക്ഷം കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ക്ഷേമപെന്‍ഷനായി നീക്കിവെച്ച തുകയില്‍ 26000 കോടി രൂപയുടെ കുറവുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ അതിനുള്ള യാതൊരു പദ്ധതിയും ബജറ്റ് വിഭാവനം ചെയ്തിട്ടില്ല. പെട്രോളിയത്തിനുമേല്‍ പരോക്ഷ നികുതിയും 2 രൂപ അധിക എക്‌സൈസ് നികുതി ഏര്‍പ്പെടുത്തിയത് ഈ രംഗത്തും വില വര്‍ദ്ധനവുണ്ടാക്കും.

കോര്‍പ്പറേറ്റുകള്‍ക്കുള്ള തലോടലും സ്വകാര്യവത്ക്കരണവും പതിവുപോലെ ഇതിലും തകര്‍ത്താടിയിട്ടുണ്ട്. കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 17 ല്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി താങ്ങായി നില്‍ക്കുന്ന എല്‍ഐസിയെ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള അജണ്ടയും മുന്നോട്ടുവച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യത്തിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വായ്പാ പരിധി 5 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 2021-22 ല്‍ 6.91 ശതമാനമായിരുന്നുവെങ്കില്‍ അത് 6.25 ശതമാനമായും കുറച്ചിരിക്കുകയാണ്.

ജിഎസ്ടി വന്നതുകാരണമുള്ള നഷ്ടം നികത്തുന്നതിനുള്ള തുക 5 വര്‍ഷം കൂടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്.

കേരളത്തിനോടുള്ള അവഗണന പതിവുപോലെ തുടര്‍ന്നു. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കപ്പെട്ടില്ല. ഏയിംസ് എന്ന ചിരകാല സ്വപ്നവും ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള സഹായവും നിരസിക്കപ്പെട്ടു. റെയില്‍വേ സോണ്‍ എന്ന ചിരകാല സ്വപ്നവും പരിഗണിക്കപ്പെട്ടുപോലുമില്ല.

കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനവുമായി ബന്ധപ്പെട്ട കാര്യത്തിലും വലിയ അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത്. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച തുകയും അവയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പര്യാപ്തമല്ല.

കേന്ദ്ര ഏജന്‍സികള്‍ പലവിധത്തില്‍ ഇടപെട്ട് തകര്‍ക്കാന്‍ ശ്രമിച്ച സംസ്ഥാനത്തിന്റെ കിഫ്ബിയും കെ-ഫോണും പോലുള്ള പദ്ധതികള്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുത്ത് മേനിനടിക്കാനുള്ള നീക്കവും മേല്‍പ്പൊടിയായി ഇതിലുണ്ട്.

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ശക്തമായി സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടത്തില്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുന്ന നിലപാടാണ് ഈ ബജറ്റില്‍ ഉടനീളം ദൃശ്യമാകുന്നത്. കോര്‍പ്പറേറ്റ് അജണ്ടകളുടെ ബാക്കിപത്രമായി അങ്ങനെ കേന്ദ്ര ബജറ്റ് മാറുകയാണ്. പാവപ്പെട്ടവരെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ള ഈ സമീപനം ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതം രാജ്യത്തുണ്ടാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News