‘ ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍’ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടി; വി എൻ വാസവൻ

കേന്ദ്ര ബജറ്റില്‍ ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ എന്ന പ്രഖ്യാപനം സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ . ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിച്ച് രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനം എല്ലാ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയാകും. തനതു നികുതിയേതര വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും ചെയ്യും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ നടപടി ആലോചനാരഹിതമായ പ്രഖ്യാപനം മാത്രമായി കാണാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനത്തിന്റെ ഭാഗമാണിത്.

ഭൂമി കൈമാറ്റവും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിനുള്ള അവകാശവും ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നാം പട്ടിക ( കണ്‍കറന്റ് ലിസ്റ്റ് )യിലെ ആറാം എന്‍ട്രിയായി ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. ഭരണഘടനയുടെ ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റില്‍ ( സ്റ്റേറ്റ് ലിസ്റ്റ് ) 63 -ാം എന്‍ട്രി പ്രകാരം ബില്‍സ് ഓഫ് എക്‌സ്‌ചെഞ്ച്, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ്, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി കൈമാറ്റങ്ങള്‍, പ്രോക്‌സികള്‍ എന്നിവ ഒഴികെയുള്ള മറ്റെല്ലാ ആധാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.

ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് രജിസ്‌ട്രേഷനുകള്‍ വഴിയുള്ള വരുമാനം. റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം തന്നെയാണിത്. രജിസ്‌ട്രേഷന്‍ അധികാരം കവര്‍ന്നെടുക്കുന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കുന്നതിനുള്ള അവകാശവും നഷ്ടമാകും. ഏകീകൃത രജിസ്‌ട്രേഷന്‍ നടപ്പിലാക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും ഏകീകരിക്കേണ്ടി വരും.

ഇത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണയിക്കുകയും ചെയ്യും. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം വലിയതോതില്‍ ഇടിയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കും. ഭരണഘടന ഉറപ്പു നല്‍കുന്ന കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ലംഘനമാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here