
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
ബാലചന്ദ്രന്റെ മൊഴി വിശ്വാസത്തിലെടുക്കരുതെന്നും ഗൂഢാലോചനകേസ് കെട്ടിച്ചമച്ച കഥയെന്നും ദിലീപ് . നടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ദിലീപ് ഉന്നയിച്ചു.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തടുര്‍ന്ന് ജഡ്ജി എഫ്‌ഐആര്‍ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. യൂട്യൂബ് വിഡിയോ കണ്ടിട്ട് ‘നിങ്ങള്‍ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് ദിലീപ് വ്യക്തമാക്കി.
ബാലചന്ദ്രകുമാര്‍ ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. റെക്കോര്‍ഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്‌ടോപ്പിലേക്കു മാറ്റിയെന്നു പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് എവിടെ? പ്രതിയുടെ ഫോണ്‍ കണ്ടില്ലെങ്കില്‍ പ്രശ്‌നമാണ്. പക്ഷെ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിണ്ടെന്ന ആരോപണവും ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. ബാലചന്ദ്രകുമാർ പെൻഡ്രൈവാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ എന്തെല്ലാം ചെയ്യാമെന്ന് അഭിഭാഷകൻ. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലുമെന്നു പേടിച്ചെന്നാണ് പറയുന്നത്. എന്നിട്ടും ആറു പേർ ഇരിക്കുന്നിടത്ത് മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു.
റെക്കോർഡിലെ വാക്യങ്ങൾ ഒന്നും പൂർണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തതാണ്.
ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ബൈജു പൗലോസിനെ താന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷെ എഫ്‌ഐആറില്‍ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്നു താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.
ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗവും വാദിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here