
വികസനത്തിലും സാമൂഹിക പുരോഗതിയിലും രാജ്യത്തിന് എന്നും വഴി കാട്ടിയായി മുന്നേ സഞ്ചരിച്ച കേരളത്തിന്റെ സില്‍വല്‍ ലെയിന്‍ പദ്ധതിയോട് പ്രതിപക്ഷവും ബിജെപിയും അവരോട് ഒട്ടിനില്‍ക്കുന്നവരും കാട്ടുന്ന ഭ്രാന്തമായ എതിര്‍പ്പ് മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ നാടിന്റെ മുഖം വികൃതമാക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു വികസന പദ്ധതിയോടും ഒരു പാര്‍ട്ടിയും ഇതുവരെ കാണിക്കാത്ത അന്ധവും മൂഢവുമായ എതിര്‍പ്പിന് പിന്നില്‍ വില കുറഞ്ഞ രാഷ്ട്രീയമാണ്. പാര്‍ലമെന്‍റില്‍ കേരളത്തിനുവേണ്ടി ശക്തമായി വാദിക്കേണ്ട എം.പിമാര്‍ കഴിഞ്ഞ രണ്ടുദിവസമായി കാട്ടുന്ന കെ റെയില്‍ വിരുദ്ധ മുറവിളി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ അമ്പരിപ്പിക്കുന്നുണ്ട്.
സംസഥാനത്തിന്റെ വികസനകാര്യങ്ങളില്‍ ഒറ്റക്കെട്ടായി നീങ്ങാറുള്ള മഹനീയ പാരമ്പര്യമാണ് പ്രതിപക്ഷം ഇപ്പോള്‍ പിച്ചിച്ചീന്തുന്നത്. ഭരണത്തുടര്‍ച്ചയിലുടെ ചരിത്രം സൃഷ്ടിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ സില്‍വര്‍ ലെയിന്‍ പദ്ധതിയിലുടെ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തി ജനപ്രിയത വര്‍ധിപ്പിക്കുമോ എന്ന ഭീതിയാണ്, മനസ്സുകൊണ്ട് കെ. റെയിലിനെ ആശിര്‍വദിക്കുന്നവര്‍ പോലും വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ നിരത്തി എതിർപ്പിന്റെ ശരങ്ങള്‍ തൊടുത്തുവിടാന്‍ കാരണം. ഈ വിഷയത്തില്‍ ജനങ്ങളെ ബോധവത്കരിക്കേണ്ട മാധ്യമങ്ങള്‍, അസത്യങ്ങളും അര്‍ധസത്യങ്ങളും നിരത്തി പ്രതിപക്ഷത്തിന് കുഴലൂത്ത് നടത്തുന്ന സമീപനത്തില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും കാസിം ഇരിക്കുര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here