ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് നാളെ പരിഗണിക്കും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് നാളെ വീണ്ടും പരിഗണിക്കുക.

നാളെ 1.45 മണിയ്ക്കാണ് വിചാരണ കോടതി കേസ് പരിഗണിക്കുക.പ്രോസിക്യൂഷന്റെ വാദങ്ങള്‍ നാളെ നടക്കും.
ഇന്ന് നടന്നത് 2 മണിക്കൂര്‍ നീണ്ട ദിലീപിന്റെ വാദം. അതേസമയം, കേസ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.

2 മണിക്കൂർ നീണ്ട വാദത്തിലുടനീളം കേസിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുകയായിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്ന് ദിലീപ് വാദിച്ചു.

തനിക്കെതിരായ ബാലചന്ദ്രകുമാറിൻ്റെയും ബൈജു പൗലോസിൻ്റെയും മൊഴികള്‍ വിശ്വാസ്യ യോഗ്യമല്ല. തന്നോട് മുൻവൈരാഗ്യമുള്ള ഇരുവരും ചേർന്ന് കെട്ടിച്ചമച്ച കേസാണ് . ക്രൈംബ്രാഞ്ച് എ ഡി ജി പി യും അതിന് കൂട്ടുനിന്നു. അങ്ങനെയാണ് ആലുവ ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിൻ്റെ കൈവശം എത്തിയത്. 2 കേസും ഒരേ അന്വേഷണ ഏജൻസി എങ്ങനെ അന്വേഷിക്കും എന്ന ചോദ്യമാണ് ദിലീപ് കോടതിയിൽ ഉന്നയിച്ചത്.

ചിലർ ഭാവനയിൽ മെനഞ്ഞ കഥ കേസ്സായി മാറുകയായിരുന്നു. മാത്രവുമല്ല 5 വർഷം കഴിഞ്ഞ് നടത്തിയ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല .ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തെളിവുകളും വിശ്വാസയോഗ്യമല്ല. സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ എവിടെ എന്ന് ആർക്കും അറിയില്ല. മാത്രവുമല്ല ഹാജരാക്കിയത് മുറിഞ്ഞ സംഭാഷണഭാഗങ്ങൾ മാത്രമാണ്. അറസ്റ്റ് ചെയ്ത് ദ്യശ്യങ്ങള്‍ യൂഡ്യൂബില്‍ കണ്ടപ്പോള്‍ ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞു എന്നാണ് മൊഴി. അത് മുന്‍ എസ് പി എ വി ജോര്‍ജിന്റെ ദ്യശ്യം കാണുമ്പോഴാണന്നും എ വി ജോര്‍ജ് ഇപ്പോള്‍ അന്വേഷണ സംഘത്തിലില്ല- ന്നും ദിലീപ്‌ ചൂണ്ടിക്കാട്ടി. അത് കേവലം ശാപവാക്കുകളാണെന്ന വാദം ദിലീപിൻ്റെ അഭിഭാഷകൻ ഇന്നും ആവർത്തിച്ചു.

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവ് ഇല്ലാത്തതിനാൽ മറ്റൊരു കേസിൽ തന്നെ കുടുക്കാനാണ് ശ്രമം. വിശ്വാസയോഗ്യമല്ലാത്ത രണ്ട് മൊഴികളല്ലാതെ മറ്റൊന്നും ഈ കേസ്സിൽ തെളിവായില്ല. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് മുൻ സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു.

ക്രിമിനല്‍ ഗൂഢാലോചനകളില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവമുണ്ടാകാമെന്ന് വാദത്തിനിടെ ദിലീപിനെ കോടതി ഓര്‍മ്മിപ്പിച്ചു. ഗൂഢാലോന കുറ്റമാണ് ,അടഞ്ഞ മുറികളില്‍ നടക്കുന്നതിനാല്‍ തെളിയ്ക്കുക പ്രയാസകരമാണെന്നും തെളിവില്ലെന്ന ദിലീപിൻ്റെ വാദത്തിന് മറുപടിയായി കോടതി ചൂണ്ടിക്കാട്ടി. മാത്രവുമല്ല ശക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യഷൽ നിലപാടെന്നും കോടതി ഓർമ്മിപ്പിച്ചു.
തുടർന്നാണ് കേസ് നാളത്തേക്ക് മാറ്റിയത്. നാളെ ഉച്ചക്ക് ശേഷം 1 .45 ന് കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here