ബിജെപിക്ക് വോട്ട് ചെയ്യരുത്; ജനങ്ങൾക്ക് നിവേദനം നൽകുമെന്ന് കിസാൻ മോർച്ച

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ വമ്പൻ പ്രചാരണത്തിന് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇതിന് വേണ്ടി പ്രവർത്തിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ഉത്തർപ്രദേശിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങൾക്ക് നിവേദനം നൽകും. ഗ്രാമങ്ങൾ തോറും വ്യാപക പ്രചാരണം നടത്താനും കിസാൻ മോർച്ച തീരുമാനിച്ചു. കാർഷിക മേഖല വലിയ രീതിയിൽ അവഗണന നേരിട്ടു. ബജറ്റിൽ കൃഷിയെയും കർഷകരെയും കേന്ദ്ര സർക്കാർ അവഗണിച്ചു. സമരം ചെയ്തതിന് കർഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കിസാൻ മോർച്ച വിലയിരുത്തി.

പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല. നെല്ല്, ഗോതമ്പ് ഉൾപ്പടെ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചതാണ് പ്രധാന പ്രഖ്യാപനം. കഴിഞ്ഞ ബജറ്റിൽ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. പകരം തദ്ദേശീയമായി ഉൽപ്പാദനം കൂട്ടും. ചോളം ഉൾപ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവർധനക്കും പ്രാധാന്യം നൽകും.

കൃഷി ശാസ്ത്രീയമാക്കാൻ ഡ്രോണുകളുടെ സഹായം കർഷകർക്ക് നൽകും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷകരുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെയുണ്ടായ ആദ്യത്തെ ബജറ്റായിരുന്നു കഴിഞ്ഞ ദിവസം നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here