ലൈഫ് മിഷന് ഐക്യദാര്‍ഡ്യം; മനസ്സോടിത്തിരി മണ്ണ് നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

 ഇന്ന് രാവിലെയാണ് വിഖ്യാത ചലചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററെ ഫോണില്‍ ബന്ധപ്പെട്ടത്. ആ ഫോണ്‍വിളി എന്തെങ്കിലും ശുര്‍പാശക്കുള്ളതായിരുന്നില്ല. ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളിയാകാന്‍ താല്‍പ്പര്യമുണ്ട് എന്നറിയിക്കാനാണ് അടൂര്‍ വിളിച്ചത്.

മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയിലും തുടര്‍ന്നും ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാന്‍ തീരുമാനിച്ചത്.

ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് അടൂര്‍ ഈ കാര്യം പങ്കുവെച്ചപ്പോള്‍ മകളും അച്ഛനോടൊപ്പം ചേര്‍ന്നു. എത്രയും പെട്ടെന്ന് ഭൂമി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആശ്വതിയും പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോണ്‍ വന്നയുടന്‍ തന്നെ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തിയ മന്ത്രി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നന്ദി അറിയിച്ചു.

അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂ-ഭവന രഹിതര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ കൈമാറുന്നത്. ഇത് ഭൂദാനമല്ല, എന്റെ മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുകയാണെന്നും ഇത് എന്റെ കടമയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്‌നം സഫലമാക്കാനുള്ള ഊര്‍ജ്ജമാണ് ഇത്തരം നിലപാടുകളെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള സുമനസുകള്‍ “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളികളാവാന്‍ മുന്നോട്ടുവന്നാല്‍ രണ്ടരലക്ഷത്തിലേറെയുള്ള അര്‍ഹതയുള്ള ഭൂ-ഭവന രഹിതര്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി വീടൊരുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here