ആര്‍ ബിന്ദുവിന് ക്ലീന്‍ചീറ്റ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എം സ്വരാജ്

കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്ന ലോകായുക്തയുടെ വിധിക്ക് പ്രതികരണവുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്.

ലോകായുക്തയുടെ കണ്ടെത്തലിനെ ആ രീതിയില്‍ കാണാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന് പറഞ്ഞ റാഹുല്‍ ലോകായുക്തയുടെ അധികാര പരിധിയെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ലെന്നും കൈരളിയോട് പറഞ്ഞു. അനുകൂലമായ വിധി വരുമ്പോള്‍ ഇടതുപക്ഷത്തിന് ലോകായുക്ത നല്ലതും മോശം വിധി വരുമ്പോള്‍ ലോകായുകത മോശമാണെന്നും രാഹുല്‍ പറഞ്ഞു.

ലോകായുക്തയുടെ അധികാര പരിധിയിലേക്ക് ഇടതുപക്ഷം കടന്നുചെല്ലാന്‍ ശ്രമിക്കുന്നുവെന്നും കെടി ജിലീലിനെയടക്കം അക്കാര്യത്തില്‍ പഠിപ്പിക്കണമെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് എം സ്വരാജ്. കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ വിഷയത്തില്‍ ലോകായുക്തയെ സമീപിച്ചത് ഇടത് പക്ഷമല്ലെന്നും രമേശ് ചെന്നിത്തലയാണെന്നും സ്വരാജ് ഓര്‍മിപ്പിച്ചു.

പരാതി ഉന്നയിച്ചത് ലോകായുക്തയെ വിശ്വാസമുള്ളത് കൊണ്ടാകുമല്ലോ എന്നും ആ വിധിയോട് എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷം തീരുമാനിക്കട്ടെയെന്നും സ്വരാജ് പറഞ്ഞു. എന്നാല്‍ ഈ അവസരത്തില്‍ ചരിത്രം കൂടി ഓര്‍മിക്കണമെന്നും ചരിത്രം അങ്ങനെയല്ല പഠിപ്പിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

തന്റെ കണ്‍മുന്നില്‍ വെച്ച് ന്യായാധിപന്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്നും അതിന്റെ ദൃക്‌സാക്ഷിയാണ് താന്‍ എന്നും പറഞ്ഞ് കോടതിയെ ആക്രമിച്ചത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് ആണെന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത വിധി വന്നപ്പോള്‍ ആയിരിന്നു അത്തരത്തില്‍ ഒരു പ്രവര്‍ത്തിയെന്നും സ്വരാജ് പറഞ്ഞു.

സ്വീകാര്യമല്ലാത്ത വിധി വന്നതിന് നീലക്കുറുക്കന്‍ എന്ന് വിളിച്ച് ഹൈക്കോടതി ന്യായാധിപന്മാരെ അധിക്ഷേപിച്ചതാരാണെന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണെന്നും അങ്ങനെ നോക്കുകയാണെങ്കില്‍ 75ലെ അടിയന്താരവസ്ഥയിലേക്ക് വരെ നമ്മള്‍ എത്തിച്ചേരേണ്ടി വരുമെന്നും എം സ്വരാജ് ഓര്‍മിപ്പിച്ചു.

കൂടാതെ കെ ടി ജലീല്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും എന്നാല്‍ ജലീല്‍ മുന്നോട്ട് വയ്ക്കുന്ന വസ്തുതകളാണ് നമ്മള്‍ പരിശോധിക്കേണ്ടതെന്നും സ്വരാജ് പറഞ്ഞു.

സുഷമ സ്വരാജിന്റെ അഭിപ്രായമുള്‍പ്പെടെ അതില്‍ പറഞ്ഞിട്ടുണ്ടെന്നും അത് ശെരിയാണോ തെറ്റാണോ എന്നാണ് നോക്കേണ്ടതെന്നുംതെറ്റ് ആര് കാണിച്ചാലും അത് ചൂണ്ടിക്കാണിക്കുക തന്നെ വേണമെന്നും എം സ്വരാജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News