നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 10.15ന് വിധി പറയും. മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാൻ മാറ്റിയത്. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നാളെ രാവിലെ രേഖാ മൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ രണ്ടര മണിക്കർ നീണ്ട വാദത്തിൽ ഉയര്‍ത്തിയത്. ദിലീപിനും മറ്റ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദിലീപിൻ്റെ മുൻ കാല പശ്ചാത്തലം പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. പ്രതി സ്വതന്ത്രനായി നടന്നാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടും .അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാ വിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപ വാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിന് കൃത്യമായ ഡിജിറ്റൽ തെളിവുകളുണ്ടന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണങ്ങളെല്ലം ദിലീപിൻ്റെ അഭിഭാഷകൻ എതിർവാദത്തിൽ നിഷേധിച്ചു. കേസ് അന്വേഷണവുമായി സഹകരിച്ചുവെന്നും 11 മണിക്കൂർ വീതം 3 ദിവസം ചോദ്യം ചെയ്യലിന് വിധേയനായി. ഇനിയും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് സമ്മർദ്ദം ചെലുത്തി കുറ്റം സമ്മതിപ്പിക്കാനാണ് എന്നും ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നും വാദം നീണ്ടപ്പോഴാണ് കൂടുതൽ വാദിക്കാനുണ്ടെങ്കിൽ നാളെ കോടതിയിൽ എഴുതി സമർപ്പിക്കാൻ നിർദ്ദേശിച്ച് ജസ്റ്റിസ് പി ഗോപിനാഥ് നടപടിക്രമങ്ങൾ അവസാനിപ്പിച്ചത്.തിങ്കളാഴ്ച 10:15 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.