പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തും; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും, പരിശോധനയ്ക്ക് കൂടുതൽ വാഹനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ നിലവാരം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ് ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് വിജിലൻസ് പ്രത്യേക സംഘത്തിന്റെ അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.

പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗത്തിലാണ് വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ വിജിലൻസിന് കൂടുതൽ ഉദ്യോഗസ്ഥരെ നൽകും.

മികച്ച സാങ്കേതിക വിദ്യയും വാഹനങ്ങളും ഇവർക്ക് നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസുകൾ ശക്തിപ്പെടുത്തും. പ്രവൃത്തികളുടെ ഗുണനിലവാരം നേരിട്ട് പണികൾ നടക്കുന്ന സ്ഥലത്തെത്തി പരിശോധിക്കുന്ന ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികൾ സജ്ജമാക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലാണ് ഇത് നടപ്പാക്കുക. ഇതിനായി മൂന്നു ഓട്ടോ ടെസ്റ്റിംഗ് മൊബൈൽ ലാബും അനുബന്ധ ഉപകരണങ്ങളും വാങ്ങും. മൊബൈൽ ലാബിൽ നടത്തുന്ന പരിശോധനകൾ നേരിട്ട് ഒരു കേന്ദ്രത്തിൽ കാണാൻ ഉള്ള സൗകര്യം ഒരുക്കും. ഇതോടെ പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചുതന്നെ പരിശോധിക്കാൻ കഴിയും.

കേടുപാടുകൾ ഇല്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നുണ്ടോ, കുഴികൾ അടയ്ക്കുന്നതിന് പകരം റോഡ് ആകെ ടാർ ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളമാണ് പ്രത്യേക സംഘം പരിശോധിക്കുക. കണ്ടെത്തലുകളിൽ വസ്തുതയുണ്ടെങ്കിൽ കർശനമായ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്നും ഇക്കാര്യം വിജിലൻസിന്റെ പ്രത്യേക പരിശോധന വിഭാഗം കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here