നാഫെഡ് വഴിയുള്ള കൊപ്ര സംഭരണം കേരകർഷകർക്ക് ആശ്വാസമാകും: കൃഷി മന്ത്രി പി പ്രസാദ്

നാഫെഡ് മുഖേന കേരളത്തിൽ കൊപ്ര സംഭരിക്കുവാൻ കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ കേര കർഷകരിൽനിന്നും പരമാവധികൊപ്ര കേരഫെഡ് വഴിയും കേര സഹകരണസംഘങ്ങൾ വഴിയും സംഭരണം നടത്തുമെന്നും ഇത് വിലയിടിവു മൂലം കഷ്ടപ്പെടുന്ന കേരകർഷകർക്ക് ആശ്വാസമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

സംഭരിക്കുന്ന കൊപ്രയുടെ വില കർഷകർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്ന വിധമായിരിക്കും സംഭരണം നടത്തുക. ഓൺലൈൻ മുഖേന പേര് രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് അംഗീകൃത ഏജൻസികൾ വഴി കൊപ്ര നൽകുവാൻ സാധിക്കും.

കൊപ്ര സംഭരണത്തിന്റെ സംസ്ഥാനതല നോഡൽ ഏജൻസിയായ കേരഫെഡ് കർഷകരിൽ നിന്ന് പച്ചത്തേങ്ങ ശേഖരിച്ച് കൊപ്രയാക്കി നാഫെഡ് വഴി നൽകുന്നതിനും കർഷകരിൽനിന്ന് നേരിട്ട് കൊപ്ര സംഭരിച്ച് നൽകുന്നതിനും നാഫെഡുമായി ആലോചിച്ച് പ്രത്യേകം പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനും മന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞ ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് നാഫെഡ് വഴി കേരളത്തിൽ നിന്നുള്ള കൊപ്ര സംഭരിക്കാൻ കേന്ദ്രാനുമതി ലഭിക്കുന്നത്.യോഗത്തിൽ നാഫെഡ് പ്രതിനിധികൾ സംഭരണത്തിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചു.

കൃഷിവകുപ്പിൽ നിന്ന് കൃഷി വകുപ്പ് ഡയറക്ടർ വി. ആർ. സോണിയ, മാർക്കറ്റിങ് അഡീഷണൽ ഡയറക്ടർ അനില മാത്യു, നാഫെഡ് കേരള റീജണൽ ഹെഡ് വി.സി.സൈമൺ, കേരഫെഡ് മാനേജിങ് ഡയറക്ടർ ആർ അശോക്, പ്രൈസസ് ബോർഡ് ചെയർമാൻ പി.രാജശേഖരൻ, അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel