അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടപ്പോരാട്ടം ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ കൗമാരപ്പട

അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടപ്പോരാട്ടം ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന യഷ് ധുല്ലിന്റെ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് എതിരാളി മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. വൈകിട്ട് 6:30ന് നോര്‍ത്ത് സൌണ്ടിലെ സര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ .

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ – 19 ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് ഇക്കുറി എതിരാളി ഇംഗ്ലണ്ടാണ്. മൂന്ന് വട്ടം ജേതാക്കളായ ഓസ്‌ട്രേലിയയെ കൂളിഡ്ജ് ഗ്രൌണ്ടിലെ സെമിയില്‍ 96 റണ്‍സിന് തകര്‍ത്തതിന്റെ ആവേശത്തിലാണ് യഷ് ധുല്‍ നായകനായ ഇന്ത്യന്‍ കൌമാരപ്പട.

ഉപനായകന്‍ ഷെയ്ഖ് റഷീദുമൊത്തുള്ള യഷ് ധുല്ലിന്റെ വീരോചിത ഇന്നിങ്‌സായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിലെ ഹൈലൈറ്റ്‌സ്. ബൌളിംഗില്‍ രവികുമാറും നിഷാന്ത് സിന്ധുവും ഹംഗാര്‍ഗെക്കറും വിക്കി ഓസ്വാളും എല്ലാം ഒന്നാന്തരം പ്രകടനമാണ് പുറത്തെടുക്കുന്നത്. കൌമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഒടുവില്‍ കപ്പുയര്‍ത്തിയത് 2018 ല്‍ പൃഥ്വി ഷായുടെ സംഘമാണ്. ഇക്കുറി കിരീടമില്ലാതെ യഷ് ധുല്ലിന്റെ സംഘത്തിന് മടക്കമില്ല. മുന്‍ ഇന്ത്യന്‍ താരം ഹൃഷികേശ് കനിത്കറാണ് ഇന്ത്യന്‍ കൗമാരപ്പടയുടെ പരിശീലകന്‍.

അതേസമയം 1998 ന് ശേഷമുള്ള കിരീട നേട്ടമാണ് ഇംഗ്ലണ്ടിന്റെ മോഹം. അഫ്ഗാനിസ്ഥാനെ തോല്‍പിച്ച് ഫൈനലിലെത്തിയ ടോം പ്രെസ്റ്റ് നായകനായ യങ് ലയണ്‍സ് കപ്പെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഓപ്പണര്‍ ജോര്‍ജ് തോമസും ജോര്‍ജ് ബെല്ലും ബെഥെല്ലും ലെക്സ്റ്റണും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയ്ക്ക് ആഴവും പരപ്പും ഏറെയുണ്ട്. ബോയ്ഡന്‍ , സാലസ് ,റേഹാന്‍ അഹമ്മദ്, ആസ്പിന്‍വാള്‍ എന്നിവര്‍ക്കാണ് ബൌളിംഗിന്റെ ചുക്കാന്‍. റിച്ചാര്‍ഡ് ഡോസനാണ് ഇംഗ്ലീഷ് കൌമാരപ്പടയുടെ പരിശീലകന്‍.

5 മത്സരങ്ങളില്‍ നിന്ന് 278 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍ നേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ഓപ്പണര്‍ അങ്ക്രിഷ് രഘുവംശി. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും രഘുവംശിയുടെ ഇതേ വരെയുള്ള ഇന്നിംഗ്‌സുകളില്‍ ഉള്‍പ്പെടുന്നു. 5 മത്സരങ്ങളില്‍ നിന്നും 292 റണ്‍സുമായി ഇംഗ്ലീഷ് നായകന്‍ ടോം പ്രെസ്റ്റാണ് രണ്ടാമത്. 5 മത്സരങ്ങളില്‍ നിന്ന് ആകെ 12 വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്വാളാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൌളര്‍ . 5 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ബോയ്ഡന്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.ഏതായാലും ലോക ക്രിക്കറ്റിലെ കൌമാരജേതാക്കള്‍ ആരെന്നറിയാനുള്ള ഫൈനല്‍ ത്രില്ലറിന് നോര്‍ത്ത് സൌണ്ടിലെ , സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News