ഇടുക്കിയില്‍ വീണ്ടും ചന്ദനമോഷണം വ്യാപകമാകുന്നു

ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ ചന്ദനമോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍ സംഘം മോഷണത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യഭൂമി കളിലാണ്. മേഖലയില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 250 ല്‍ അധികം ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആറ് മാസമായി സജീവമല്ലാതിരുന്ന ചന്ദന മാഫിയ വീണ്ടും രംഗത്തിറങ്ങിയതിന്റെ സൂചനയാണിതെന്നാണ് വനം വകുപ്പിന്റെ നിഗമനം.

നെടുങ്കണ്ടം തൂക്കുപാലത്തു നിന്നും കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു ലക്ഷത്തോളം വിലവരുന്ന ചന്ദന മരം മുറിച്ച് കടത്തിയത്. അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തുള്ള ചന്ദനമരങ്ങളും മുറിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുമ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ സമയം മറയൂര്‍ മേഖലയിലും ചന്ദന മോഷണത്തിന് കുറവില്ല. കഴിഞ്ഞ ദിവസമാണ് മറയൂര്‍ കൂടവയലില്‍ ആറ്റുപുറമ്പോക്കില്‍ നിന്ന മൂന്ന് ലക്ഷം രൂപ വിലമതിപ്പുള്ള ചന്ദന മരം മുറിച്ചു കടത്തിയത്. മൂന്നുമാസത്തിനിടെ സ്വകാര്യ ഭൂമിയില്‍ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News