സജീവന്റെ അപേക്ഷ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നു; എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്

പറവൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വമായ കാലതാമസം വരുത്തിയിട്ടില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. ഭൂമി തരം മാറ്റാനുള്ള അപേക്ഷയില്‍ സമയബന്ധിതമായി നടപടിയെടുത്തിരുന്നു.സജീവനോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ലാന്റ് റവന്യു ജോയിന്‍ കമ്മീഷണര്‍ അന്വേഷണമാരംഭിച്ചു.

ഭൂമി തരംമാറ്റാനുള്ള അപേക്ഷ ആര്‍ ഡി ഓഫീസില്‍ പരിഗണനയിലിരിക്കെ മത്സ്യത്തൊഴിലാളിയായ സജീവന്‍ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് സബ്കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.സജീവന്റെ അപേക്ഷയില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വമായ കാലതാമസം വരുത്തിയിട്ടില്ലെന്നാണ് സബ്കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കളക്ടര്‍ പറഞ്ഞു.

ഭൂമി തരം മാറ്റാനുള്ള അപേക്ഷയുടെ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ ഫീസ് അടക്കാന്‍ സജീവനോട് നിര്‍ദേശിച്ചിരുന്നു, പക്ഷേ മറുപടി ഉണ്ടായില്ല.പിന്നീട് 25 സെന്റില്‍ താഴെയുള്ള ഭൂമി തരം മാറ്റലിന് ഫീസിളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതോടെ ഡിസംബറില്‍ സജീവന്‍ പുതിയ അപേക്ഷ നല്‍കുകയായിരുന്നു.മുന്‍ഗണനാക്രമം അനുസരിച്ച് അത് പരിഗണിക്കാനിരിക്കുകയായിരുന്നു. സജീവനോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയൊ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.

പ്രതിമാസം നാലായിരത്തോളം അപേക്ഷകളാണ് ഫോര്‍ട്ടകൊച്ചി ആര്‍ ഡി ഓഫീസില്‍ തീര്‍പ്പാക്കുന്നതെങ്കില്‍ അത്രയുംതന്നെ അപേക്ഷകള്‍ ഓരോ മാസവും പുതുതായി എത്തുന്നുണ്ട്.അതിനാല്‍ മുന്‍ഗണനാക്രമം അനുസരിച്ച് ഇത് തീര്‍പ്പാക്കാന്‍ സ്വാഭാവികമായും കാലതാമസമെടുക്കാറുണ്ട്.ഈ സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ ഉടനടി തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ ആവശ്യപ്പെടുമെന്നും കളക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News