ഇന്ത്യൻ ബാഡ്മിന്റണിൽ പുത്തൻ താരോദയമായി ഉന്നതി ഹൂഡ

ഇന്ത്യൻ ബാഡ്മിന്റൺ സർക്യൂട്ടിലെ ‘ജയൻറ് കില്ലർ ‘ എന്ന വിശേഷണമാണ് ഹരിയാനയുടെ ടീനേജുകാരി ഉന്നതി ഹൂഡയ്ക്ക്. ഒഡീഷ ഓപ്പൺ വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ ഈ 14 കാരി ബാഡ്മിന്റൺപ്രേമികളുടെ മനം കവർന്നു കഴിഞ്ഞു.

ഒഡീഷ ഓപ്പൺ സൂപ്പർ- 100 ടൂർണമെന്റിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായ, ഉന്നതി ഹൂഡയെ , സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വാഴ്ത്തിപ്പാടുന്നത് ബാഡ്മിന്റൺ സെൻസേഷനെന്നാണ്. സാക്ഷാൽ സൈന നെഹ്വാളിനെ അട്ടിമറിച്ച മാൾവിക ബൻസോദുൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് മടക്കടിക്കറ്റ് നൽകിയായിരുന്നു ടൂർണമെൻറിൽ ഈ ഹരിയാന പെൺകുട്ടിയുടെ ജൈത്രയാത്ര.

നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെ ഫൈനലിൽ നാട്ടുകാരി സ്മിത് തോഷ്നിവാളിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ബാഡ്മിന്റണിൽ ഒരു പുത്തൻ താരോദയം കൂടി. സിന്ധുവിനും സൈനയ്ക്കും തന്റെ പ്രായത്തിൽ ചെയ്യാൻ കഴിയാത്ത നേട്ടവുമായാണ് ബാഡ്മിന്റൺ കോർട്ടിൽ ഈ ഹരിയാന ടീനേജറുടെ സൈൻ ഓഫ് .

അതിശയകരമായ ഡ്രോപ്പ് ഷോട്ടുകളും സ്ട്രോക്കുകളുമാണ് ഉന്നതിയുടെ കരുത്ത്.
ഏഴാം വയസ് മുതൽ ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയ ചമരിയ ഗ്രാമത്തിൽ നിന്നുള്ള ഉന്നതിക്ക് മുഖ്യ പ്രചോദനം മാതാപിതാക്കളാണ്. പർവേഷ് കുമാറാണ് ഉന്നതി ഹൂഡയുടെ പരിശീലകൻ. 2020 ൽ ഇൻഫോസിസ് ഇൻറർനാഷണൽ ചലഞ്ചിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും മികച്ച നേട്ടം. ആഭ്യന്തര ടൂർണമെൻറുകളിൽ അനവധി കിരീടങ്ങൾ ഉന്നതി ഹൂഡയ്ക്ക് ലഭിച്ചിട്ടുണ്ട്. പി.വി സിന്ധുവാണ് ഉന്നതിയുടെ റോൾ മോഡൽ. ഒളിമ്പിക്സ്‌ മെഡൽ നേടുകയാണ് ഈ ഹരിയാനക്കാരിയുടെ സ്വപ്നം.റോത്തക്കിലെ ഡി.ജി.വി സീനിയർ സെക്കൻഡറി പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഉന്നതി നിലവിൽ ലോകറാങ്കിംഗിൽ 418 ആം സ്ഥാനക്കാരിയാണ്. ഈ വർഷം അവസാനത്തോടെ ആദ്യ 150 സ്ഥാനക്കാരിൽ ഇടം പിടിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ബാഡ്മിൻറണിലെ ഈ ന്യൂ ജനറേഷൻ സ്റ്റാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News