നടിയെ ആക്രമിച്ച കേസ്; ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി , സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് നടി കത്തില്‍ ചൂണ്ടിക്കാട്ടി. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷന്നും അയച്ചു. ഇതിനിടെ ശബ്ദ സാമ്പിള്‍പരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ച് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ അന്വേഷണ സംഘത്തിന് കത്ത് നല്‍കി.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സംഭവത്തിലാണ് ആശങ്ക അറിയിച്ചും അന്വേഷണം ആവശ്യപ്പെട്ടും നടി സുപ്രീം കോടതിയെ സമീപിച്ചത്.

ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് നടി കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്.

കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും നടി കത്തില്‍ ആരോപിക്കുന്നു.കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അയച്ചു.

2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ ആരോപണം ഉയര്‍ന്നത്. ഇതില്‍ സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ് .

ഇതിനിടെ വധ ഗൂഡാലോചനക്കേസില്‍ ശബ്ദ പരിശോധനക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ദിലീപും മറ്റ് പ്രതികളും അന്വേഷണ സംഘത്തിന് കത്ത് നല്‍കി. ശബ്ദ പരിശോധനക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം നേരത്തെ പ്രതികള്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും അത് കൈപ്പറ്റിയിരുന്നില്ല .അന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടില്‍ പതിച്ച് മടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പ്രതികള്‍ സഹകരിക്കുന്നില്ല എന്നതിന് തെളിവായി ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് അഭിഭാഷകര്‍ വഴി ശബ്ദ പരിശോധനയ്ക്ക് പ്രതികള്‍ സന്നദ്ധത അറിയിച്ചത്.

ശബ്ദ പരിശോധന വൈകാതെ നടത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ റെക്കോര്‍ഡുമായി പ്രതികളുടെ ശബ്ദം താരതമ്യപ്പെടുത്തി പരിശോധിക്കുകയാണ് ലക്ഷ്യം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News