സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി

നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഗൂഡാലോചനയ്ക്ക് കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി. എന്നാൽ എല്ലാ കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി പ്രതിഭാഗവും മറുപടി എഴുതി നൽകി. ഇതിനിടെ കേസിലെ നി‍ർണായക തെളിവായ പീഡന ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിൽ ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിക്കും ഹൈക്കോടതിക്കും പരാതി നൽകി.

മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷൻ എഴുതി നൽകിയ രേഖയിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തുന്നത്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരൻ അനൂപിനോട് പറഞ്ഞത്. കൃത്യം നടത്തിയശേഷം അടുത്ത ഒരു വർഷത്തേക്ക് ഫോൺ അടക്കം യാതൊരു രേഖകളും ഉണ്ടാകരുതെന്ന് അനൂപും പറയുന്നുണ്ട്.

2018 മേയിൽ ആലുവ പൊലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എവി ജോർജ്, എ‍ഡിജിപി സന്ധ്യാ എന്നിവർക്കായി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ട് സലീം എന്ന എൻ ആർ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്. കോടതിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ ഒരു ബിഷപ്പിന് പണം കൊടുത്തതായി സുരാജിന്‍റെ മൊഴിയിലുണ്ട്. എന്നാൽ അക്കാര്യം ചോദിച്ചപ്പോൾ ദിലീപ് ബഹളം വെച്ചെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ മറുപടി വാദം എഴുതി നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News