ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ

ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സഹായിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു തീർത്തും സൗജന്യമായിരിക്കും.

ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിക്കുന്ന രീതിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് അവലംബിക്കുന്നത്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകൾ അധികവുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപകമാക്കുന്നത്.

നിലവിൽ 92 ആശുപത്രികളിലായി പ്രതിമാസം 40,000-ത്തോളം രോഗികള്‍ക്കാണ് ഹീമോഡയാലിസിസ് നല്‍കി വരുന്നത്. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. പുതിയ പദ്ധതിയിലൂടെ വലിയ ശതമാനം രോഗികൾക്കും ആശുപത്രികളിൽ പോകാതെ തന്നെ ഡയാലിസിസ് നടത്താൻ സാധിക്കും. ഡോക്ടർമാരുടെ നിർദ്ദേശാനുസൃതം മാത്രമായിരിക്കും ഏതു ഡയാലിസിസ് വേണമെന്നു തീരുമാനിക്കുന്നത്.

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, മറ്റു അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും. നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക.

തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി സജ്ജമാകുന്നത്. ബാക്കിയുള്ള 3 ജില്ലകളില്‍ കൂടി ഉടന്‍ തന്നെ ഇത് ആരംഭിക്കുന്നതായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here