പെഗാസസ് ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുമായി ഇസ്രായേൽ പൊലീസ്

എന്‍.എസ്.ഒ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് തങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തി ഇസ്രായേൽ പൊലീസ്.

മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷിയുടെ ഫോണ്‍ ചോര്‍ത്തുന്നതിന് സ്‌പൈവെയര്‍ ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് സമ്മതിച്ചത്. സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിന് മുമ്പാകെയായിരുന്നു പൊലീസിന്റെ കുറ്റസമ്മതം.

നെതന്യാഹുവിനെതിരായ കേസിലെ നിര്‍ണായക സാക്ഷിയായ ഷ്‌ലോമോ ഫില്‍ബറിന്റെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ പ്രതിപാദിക്കുന്ന സംഭവം നടക്കുമ്പോൾ ഉള്ള സമയത്തെ കമ്യൂണിക്കേഷന്‍ മന്ത്രാലയം ഡയറക്ടര്‍ ജനറലായിരുന്നു ഷ്‌ലോമോ ഫില്‍ബര്‍.

നേരത്തെ ഇന്ത്യ ഇസ്രായേലിൽ നിന്നും നിന്നും പെഗാസസ് വാങ്ങിയിരുന്നെന്നും പെഗാസസ് ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് വേണ്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിളിച്ചിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2017-ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here