ആറ്റുകാൽ പൊങ്കാല വീടുകളിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ

ആറ്റുകാൽ പൊങ്കാല വീടുകളിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ക്ഷേത്രത്തിന് മുന്നിൽ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല ഉണ്ടാകുക. നിലവിലെ നിയന്ത്രണങ്ങളിൽ മാറ്റം വന്നാൽ അതനുസരിച്ച് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കൊവിഡ് മഹാമാരി ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ക‍ഴിഞ്ഞ വർഷത്തെതിന് സമാനമായി വീടുകളിൽ നടത്താൻ തീരുമാനിച്ചത്. ഈ മാസം 9ന് പൊങ്കാല മഹോത്സവത്തിന് തുടക്കമാകും.

അന്നെ ദിവസം രാവിലെ 10.50ന് പാടി കാപ്പുകെട്ടി കുടിയിരുത്തും. പതിനേ‍ഴിനാണ് പൊങ്കാല. പൊങ്കാല ദിവസം രാവിലെ 10.50ന് ക്ഷേത്രത്തിന് മുന്നിൽ സജ്ജമാക്കിയ പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദിക്കുന്നത്. കൊവിഡ് അവലോകന യോഗത്തിൽ ക്ഷേത്രത്തിന് മുന്നിൽ 200 പേർക്ക് പങ്കെടുക്കാമെന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ ക്ഷേത്രത്തിന് മുന്നിൽ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതി എന്നതാണ് ക്ഷേത്ര ട്രസ്റ്റിന്‍റെ തീരുമാനം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുത്തിയോട്ട നേർച്ച പണ്ടാരഓട്ടം മാത്രമായി നടത്തും.

താലപ്പൊലി നേർച്ച 10 വയസിനും 12 വയസിനും ഇടയിലുള്ള ബാലികമാർക്ക് മാത്രമായിട്ടും ഈ വർഷം ചുരുക്കാൻ തീരുമാനിച്ചു. നിലവിലെ നിയന്ത്രണങ്ങളിൽ ഏതെങ്കിലും തരത്തെ മാറ്റം വരുകയാണെങ്കിൽ അതനുസരിച്ച് ക്രമീകരണങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News