
അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്. വാശിയേറിയ ഫൈനലിൽ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇത് അഞ്ചാം തവണയാണ് ഇന്ത്യ കൗമാര ലോകകപ്പിൽ മുത്തമിടുന്നത്.
ഒറ്റ തോൽവി പോലുമറിയാതെ നോർത്ത് സൗണ്ടിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ കൗമാരപ്പട രചിച്ചത് പുതു ചരിത്രം. കഴിഞ്ഞ തവണ ബംഗ്ലാദേശിനെതിരെ കൈവിട്ട കിരീടം തിരിച്ചു പിടിച്ച യഷ് ധുല്ലിനും സംഘത്തിനും അഭിമാന മുഹൂർത്തം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യങ് ലയൺസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രവികുമാറും രാജ് ബാവയും കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു. ജെയിംസ് റ്യൂ വാലറ്റക്കാരൻ ജെയിംസ് സാലെസിനെ കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് അൽപമെങ്കിലും ജീവനേകിയത്. 95 റൺസെടുത്ത റ്യൂവിനെ രവികുമാർ മടക്കി അയച്ചതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രം.
ജെയിംസ് സാലെസ് 34 റൺസുമായി അപരാജിതനായപ്പോൾ 44.5 ഓവറിൽ 189 റൺസിന് ഇംഗ്ലീഷ് ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗിൽ അക്കൌണ്ട് തുറക്കും മുമ്പെ അങ്ക്രിഷ് രഘുവംശിയെ പുറത്താക്കി ബോയ്ഡന്റെ വക ഇന്ത്യയ്ക്ക് ആദ്യ പ്രഹരം. ഉപനായകൻ ഷെയ്ഖ് റഷീദിന്റെ മികവിൽ സ്കോർ ഉയർത്തിയ ഇന്ത്യയ്ക്ക് സ്കോർ 49 ൽ നിൽക്കെ ഹർനൂർ സിംഗിന്റെ വിക്കറ്റും നഷ്ടം.
അർധസെഞ്ചുറി നേടിയ ഷെയ്ഖ് റഷീദിനെ പുറത്താക്കി സാലെസ് ഇന്ത്യയെ 3 വിക്കറ്റിന് 95 റൺസെന്ന നിലയിൽ തകർച്ചയിലാക്കി. 17 റൺസെടുത്ത നായകൻ യഷ് ധുല്ലും സാലെസിന്റെ പന്തിൽ കൂടാരം പൂകി. രാജ് ബാവയും നിഷാന്ത് സിന്ധുവും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നങ്കൂരമിട്ട് കളിച്ച് കൂട്ടിച്ചേർത്തത് നിർണായകമായ 67 റൺസാണ്. 35 റൺസെടുത്ത രാജ്ബാവയെ ബോയ്ഡനും പിന്നാലെ ക്രീസിലെത്തിയ കൗഷൽ ടാംബേയെ ആസ്പിൻവാളും പുറത്താക്കിയതോടെ ഫൈനൽ പോരാട്ടം അത്യന്തം നാടകീയതയിലേക്ക്. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന നിഷാന്ത് സിന്ധുവിനെ കാഴ്ചക്കാരനാക്കി, സാലെസിനെ തുടർച്ചയായി സിക്സറടിച്ച് ദിനേഷ് ബനയുടെ ക്ലാസിക്ക് ഫിനിഷ് .
14 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റിന്റെ ആവേശജയവും, കൗമാര ലോകകപ്പും ഹൃഷികേശ് കനിത്കറുടെ ശിഷ്യർക്ക് സ്വന്തം. യഷ് ധുൽ ക്യാപ്ടനായ ഇന്ത്യൻ കൗമാരപ്പട ലോക ക്രിക്കറ്റിന്റെ നെറുകയിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here