വിമർശനങ്ങൾക്കും വാഴ്ത്തുപാട്ടുകൾക്കുമപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ് ചീക്കു ഭായ് എന്ന വിരാട് കോഹ്ലി ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടം വരെ ഇന്ത്യയെ നയിച്ചും ഏത് വിദേശ ടീമിനെയും അവരുടെ ഗ്രൗണ്ടുകളിൽ പോയി വിറപ്പിച്ചും തോൽപ്പിച്ചും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ വേറിട്ടതലത്തിൽ എത്തിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു ചരിത്ര നേട്ടത്തിനരികെയാണ്. ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് പോരാട്ടങ്ങൾ കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് സാക്ഷിയാകും.
ADVERTISEMENT
നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ, റൺസ് എന്നീ റെക്കോർഡുകൾ കോഹ്ലിയുടേതാണ്. കോഹ്ലിയെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതും ആരാധകവൃന്ദവുമുള്ള ബാംഗ്ളൂരു ചിന്നസ്വാമി സ്റ്റേഡിയവും മൊഹാലിയുമാണ് പരമ്പരയ്ക്കായി വേദിയാകുന്നത്, ‘ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ മറ്റു വേദികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും, പിങ്ക് ബോൾ ടെസ്റ്റ് ബാംഗ്ലൂരിൽ നടക്കുമെന്നും’ ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
പിങ്ക് ബോൾ ടെസ്റ്റും ഇന്ത്യയും
മികച്ച റെക്കോർഡ് ആണ് പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്കുള്ളത്, ഇതുവരെ മൂന്ന് പിങ്ക് ബോൾ ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത് ഇതിൽ രണ്ടു മത്സരങ്ങളിൽ ഇന്ത്യ ആധികാരിക വിജയം നേടി. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ വെച്ചായിരുന്നു ആദ്യ പിങ്ക് ബോൾ മത്സരം.
വിരാട് കോഹ്‌ലിയുടെ എല്ലാ ഫോർമാറ്റിലെയും അവസാന സെഞ്ച്വറി പിറന്ന മത്സരത്തിൽ ഇന്ത്യ വൻ വിജയം നേടി. ഇന്ത്യയുടെ അടുത്ത മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ ആയിരുന്നു, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ ടെസ്റ്റ് ചരിത്രത്തിലെ അവരുടെ ഏറ്റവും കുറഞ്ഞ റൺസിന് (36 റൺസ്) പുറത്തായ മത്സരം ദയനീയമായി പരാജയപ്പെട്ടു. അവസാനമായി അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ വിരാട് കോഹ്‌ലി നയിച്ച ഇന്ത്യൻ ടീം രണ്ട് ദിവസം മാത്രം നീണ്ടുനിന്ന ഒരു ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 112, 81 എന്നീ റൺസിന് പുറത്താക്കി മത്സരം സ്വന്തമാക്കി .
കാണികളില്ലാതെ അഹമ്മദാബാദിലും 75% കാണികളോടെ കൊൽക്കത്തയിലുമായി നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷമായിരിക്കും ഇന്ത്യ – ശ്രീലങ്ക പരമ്പര, പ്രിയ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനു വേണ്ടി ടെസ്റ്റ് പോരാട്ടം അവിസ്മരണീയമാക്കുമെന്ന് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചുകഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.