യുപിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍; അസദുദ്ദീന്‍ ഒവൈസിയുമായി ലീഗ് സഖ്യമുണ്ടാക്കി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍. തീവ്ര വര്‍ഗീയ വാദിയായ അസദുദ്ദീന്‍ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി കേരള ലീഗ് നേതാക്കള്‍ യുപിയിലെത്തി. കോണ്‍ഗ്രസിനെയും എസ്പി യെയും എതിര്‍ത്താണ് ലീഗ് തീവ്രവാദ മുന്നണിയില്‍ ചേര്‍ന്നത്.ബി.ജെ.പിയെ സഹായിക്കാനാണ് ഒവൈസിയുടെ നീക്കമെന്ന ആരോപണം ശക്തമാണ്.

ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് മത്സരിക്കുന്നത് അസദുദ്ദീന്‍ ഒവൈസിയുടെ തീവ്രവാദ മുന്നണിയിലാണ്. കോണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ടിയെയും എതിര്‍ത്താണ് ലീഗ് മതതീവ്രവാദിയും കടുത്ത വര്‍ഗീയ പ്രചാരകനുമായറിയപ്പെടുന്ന ഒവൈസിയുടെ മുന്നണിയില്‍ ചേക്കേറിയത്. ഓള്‍ ഇന്ത്യ മജ്ലിസ്- ഇ -ഇത്തഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവായ ഒവൈസി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിയെ സഹായിക്കാനാണ് മുന്നണിയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരിക്കെയാണ് ലീഗ് അവരുമായി കൈകോര്‍ക്കുന്നത്. ആഗ്ര, ഉന്നാവോ എന്നീ രണ്ടു മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

ഒവൈസിയുടെ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുതേടി കേരളത്തില്‍ നിന്നുള്ള ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം യുപിയില്‍ പ്രചാരണത്തിനെത്തിയിരുന്നു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, എം പി അബ്ദുള്‍ സമദ് സമദാനി എന്നിവരാണ് ഒവൈസി മുന്നണിക്കായി വോട്ട് തേടിയത്. ആഗ്രയില്‍ മുഹമ്മദ് കാമിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഇവര്‍ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ വിമര്‍ശനമാണുന്നയിക്കുന്നത്.

തങ്ങളുടെ വോട്ട് വാങ്ങി ജയിച്ച എംപി സ്ഥാനം രാജിവച്ചിട്ടുപോരേ വര്‍ഗീയ കളിയെന്നാണ് കോണ്‍ഗ്രസുകാരുടെ ചോദ്യം. സംഘി ചാരനെന്ന് മുമ്പ് ലീഗ് വിമര്‍ശിച്ച ഒവൈസിയുമയി എങ്ങനെ ഇപ്പോള്‍ സഖ്യമായെന്ന ചോദ്യവുമുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒവൈസിയുടെ സാന്നിധ്യത്തെ ശക്തമായി വിമര്‍ശിച്ച നേതാക്കള്‍ ഇപ്പോള്‍ മിണ്ടാത്തതെന്തെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here