വഖഫ് ബോര്‍ഡ് വിഷയം; ലീഗിന് കനത്ത തിരിച്ചടി, സമസ്ത വഖഫ് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തു

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന് കനത്ത പ്രഹരവുമായി സമസ്ത. മുസ്ലിംലീഗിന്റെ കോ ഓര്‍ഡിനേഷന്‍ സമിതി വിട്ട സമസ്ത വഖഫ് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തു. വഖഫ് സ്വത്ത് സംരക്ഷണത്തിനും തട്ടിപ്പുകള്‍ അന്വേഷിക്കാനുമായി രൂപീകരിച്ച കൂട്ടായ്മയിലാണ് സമസ്ത പങ്കാളിയാകുന്നത്.

മുസ്ലീം ലീഗ് നേതൃത്വം കൊടുക്കുന്ന കോ ഓര്‍ഡിനേഷന്‍ സമിതി വിട്ടതിന് പിന്നാലെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം) വഖഫ് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തത്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനുമായി രൂപീകരിച്ച സമിതിയില്‍ ചേരാനുള്ള സമസ്തയുടെ തീരുമാനം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. സമസ്ത കൂടി ചേര്‍ന്നതോടെ വഖഫ് സംരക്ഷണ സമിതി വിപുലീകരിച്ചു. മുശാവറ അംഗം കൂടിയായ മുതിര്‍ന്ന നേതാവ് ഉമര്‍ഫൈസി മുക്കത്തെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വമേകുന്ന സുന്നി പ്രസ്ഥാനവുമായടക്കം സഹകരിച്ചാണ് വഖഫ് സംരക്ഷണസമിതിയില്‍ സമസ്ത ഭാഗമാക്കാനാകുന്നത്.

സമുദായ വിഷയങ്ങളില്‍ ലീഗ് അജന്‍ഡ നടപ്പാക്കാനില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമായിരുന്നു സമസ്ത കോ ഓര്‍ഡിനേഷന്‍ സമിതിവിട്ടത്. സമസ്ത മുശാവറയായിരുന്നു ഈ നിര്‍ണായക തീരുമാനമെടുത്ത്. തുടര്‍ന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയടക്കം കാന്തപുരം വിഭാഗക്കാരനെന്നും അരിവാള്‍ സുന്നിയെന്നും ഒരുവിഭാഗം ലീഗുകാര്‍ അധിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന വഖഫ് സംരക്ഷണ സമിതിയില്‍ സമസ്ത നേതാക്കള്‍ പങ്കെടുത്തത്.

വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരായ സമരം തുടരുമെന്ന് ലീഗ് ആവര്‍ത്തിക്കുമ്പോഴാണ് സമസ്തയുടെ മറുനീക്കം. വിവിധ സമുദായ സംഘടനകളും നേതാക്കളും തട്ടിയെടുത്ത വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള സമര-പ്രചാരണ വേദിയാണ് വഖഫ് സംരക്ഷണസമിതി. സ്വത്ത് തട്ടിയെടുത്തതില്‍ ഗണ്യമായൊരു വിഭാഗം ലീഗ് നേതാക്കളും ബന്ധുക്കളുമാണെന്ന് ആരോപണമുണ്ട്. ഇത് അന്വേഷിക്കണമെന്നതാണ് സംരക്ഷണസമിതിയുടെ പ്രധാന ആവശ്യം. ഉമര്‍ ഫൈസി മുക്കത്തോടൊപ്പം സമസ്ത യുവജന–വിദ്യാര്‍ഥി നേതാക്കളില്‍ പ്രമുഖരും സംരക്ഷണസമിതിയിലുണ്ട്. പി ടി എ റഹീം എംഎല്‍എ, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍വഹാബ് എന്നിവരും മുന്‍നിരയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here