കാസര്‍കോഡ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

കാസര്‍കോഡ് മഞ്ചേശ്വരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .

കൃഷിത്തോട്ടത്തില്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കുന്നതിനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം പോലീസ് സര്‍ജനും അന്വേഷണ ഉദ്യോഗസ്ഥരും പരിശോധിച്ചു. ശിവചന്ദിന്റെ കൂടെ ജോലി ചെയ്യുന്നവരും സ്ഥലമുടമയും വ്യത്യസ്തമായ കാര്യങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് പറയുന്നത്.

ശിവചന്ദിന്റെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളേയും സ്ഥലമുടയേയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തോട്ടത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കിയതെന്നാണ് സ്ഥലമുടമ വിശ്വനാഥ ഭട്ട് പൊലീസിന് മൊഴി നല്‍കിയത്.

ഡിസംബര്‍ 25 നാണ് കന്യാലയില്‍ കൃഷിപ്പണിക്കെത്തിയ ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദ് മരിച്ചത്. മരണം പുറത്തറിയിക്കാതെ മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News