അമ്പലമുക്ക് കൊലപാതകം ; ശാസ്ത്രീയ പരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം നഗരത്തിലെ സസ്യതൈകൾ വളർത്തുന്ന നഴ്സറിയിൽ കൊല്ലപ്പെട്ട യുവതിയുടെ ക‍ഴുത്തിലെ മാല നഷ്ടപ്പെട്ടു. എന്നാൽ മേശവലിപ്പിലും പേ‍ഴ്സിലും ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. മോഷണ ശ്രമത്തിനിടെയുളള കൊലപാതകമെന്ന നിഗമനം ആണ് ഇപ്പോൾ പൊലീസിനുളളത്. ശാസ്ത്രീയ പരിശോധനാഫലം ഇന്ന് ലഭിക്കും.

ചെടി മുറിക്കാൻ ഉപയോഗിക്കുന്ന കത്രിക പോലത്തെ കത്തി ഉപയോഗിച്ച് തൊണ്ട കു‍ഴിയിലേറ്റ ആ‍ഴത്തിലുളള കുത്താണ് വിനീതയുടെ മരണകാരണം. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ധരിച്ചിരുന്ന മാല മൃതദേഹത്തിൽ കാണുന്നില്ല. എന്നാൽ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 50000 രൂപ അവിടെ തന്നെയുണ്ട്.

മോഷണം മാത്രമാണ് കൊലപാതകിയുടെ ഉദ്ദേശമെങ്കിൽ മേശവലിപ്പിലെ പണം എന്ത് കൊണ്ട് എടുത്തില്ലെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.ലോക്ഡൗണിനെ തുടർന്നുളള അവധി ദിവസം ആയതിനാൽ ആരും അസ്വഭാവികമായ ശബ്ദം ഒന്നും കേട്ടിട്ടില്ല.

ഞായറാ‍ഴ്ച്ചയും പ്രവർത്തിക്കുന്ന കടയാണെന്ന് അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻറെ സംശയം.ന‍ഴ്സറിയുടെ എതിർവശത്ത് സിസിടിവി ഉണ്ടെങ്കിലും അത് ഓഫ് ആയിരുന്നു.സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇനി പൊലീസിൻറെ പ്രതീക്ഷ.

ചെടിവാങ്ങാൻ എത്തിയവരുടെയും, മൃതദേഹം ആദ്യം കണ്ട ജീവനക്കാരിയുടെയും, കടയുടെ ഉടമസ്ഥൻറെയും മൊ‍ഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി കൈക‍ഴുകാൻ സസ്യോദ്യാനത്തിലെ പൈപ്പ് ഉപയോഗിക്കാതെ സമീപത്തെ ചെടിചട്ടിയിൽ നിന്നാണ് കൈക‍ഴുകിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉപേക്ഷിക്കാതെ കൊണ്ട് പോകുകയും ചെയ്തു. പ്രതിയുടെ രക്തമോ മുടിനാരി‍ഴയോ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഫിംഗർ പ്രിൻറ് ബ്യൂറോ, ഫോറൻസിക്ക് വിഭാഗങ്ങൾ കൊലപാതകം നടന്ന സ്ഥലവും പരിസരവും അരിച്ച് പെറുക്കിയിട്ടുണ്ട്.

കൊലപാതകം ചെറുക്കാൻ ശ്രമിച്ചതിൻറെ ലക്ഷണങ്ങൾ സ്ഥലത്തുണ്ട് പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വനീതയുടെ നഖത്തിൽ നിന്ന് കൊലപാതകിയുടെ ഡിഎൻഎ കിട്ടാതിരിക്കില്ലെന്നാണ് പൊലീസിൻറെ പ്രതീക്ഷ.

വീനീതയുടെ ഫോണിലേക്ക് അവസാന സമയം വന്ന കോളുകൾ എല്ലാം പൊലീസ് തിരിച്ച് വിളിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ ക‍ഴിഞ്ഞില്ല. അവധി ദിവസമായതിനാൽ ഇന്ന് മാത്രമേ ഡീറ്റെയിൽഡ് ഫോൺകോൾ വിശദാംശങ്ങൾ ലഭിക്കു.

പ്രദേശത്തിൻറെ 250 മീറ്റർ ചുറ്റളവിലെ എല്ലാം സി.സി.റ്റി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ് . പട്ടാപ്പകൽ നഗരത്തിൽ നടന്ന കൊലപാതകം പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ വി സജികുമാറിൻറെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News