ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം സെനഗലിന്

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം സെനഗലിന്. ഏഴ് വട്ടം ചാമ്പ്യന്‍മാരായ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് സെനഗല്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഗോളുകള്‍ വീഴാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മാനെയുടെ സെനഗല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളില്‍ ഒരുമിച്ച് കളിക്കുന്ന മുഹമ്മദ് സലയും സാദിയോ മാനെയും നേര്‍ക്കുനേര്‍ പോരാടിയ മത്സരമായിരുന്നു ഇത്. ഏഴാം മിനിട്ടില്‍ തന്നെ സെനഗലിന് പെനാല്‍റ്റി ലഭിച്ചു. മാനെയുടെ കിക്ക് ഈജിപ്ഷ്യന്‍ ഗോളി അബു ഗബാല്‍ തടുത്തിട്ടു. തുടര്‍ന്നും സെനഗല്‍ തന്നെയാണ് മത്സരത്തില്‍ മുന്നിട്ടുനിന്നത്. പലപ്പോഴും അബു ഗബാലിന്റെ ചോരാത്ത കൈകളാണ് മാനെയെയും സംഘത്തെയും തടഞ്ഞുനിര്‍ത്തിയത്. നിശ്ചിത സമയവും അധിക സമയവും കടന്ന് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ രണ്ടാം കിക്കും സെനഗലിന്റെ മൂന്നാം കിക്കും ഗോളായില്ല. നാലാമത്തെ കിക്കില്‍ വീണ്ടും ഈജിപ്തിനു പിഴച്ചു. അഞ്ചാം കിക്കെടുത്ത മാനെ ലക്ഷ്യം കണ്ട് സെനഗലിനു കിരീടം സമ്മാനിച്ചു. ഈജിപ്തിനായി സലയാണ് അഞ്ചാം കിക്കെടുക്കാന്‍ നിന്നത്. സെനഗല്‍ ജയം ഉറപ്പിച്ചതിനാല്‍ സല ഈ കിക്ക് എടുത്തില്ല. 2002 നേഷന്‍സ് കപ്പ് ഫൈനലില്‍ കാമറൂണിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തി കിരീടം നഷ്ടമായ സെനഗളീസ് താരം അലിയോ സിസെ ഇത്തവണ അവരുടെ പരിശീലകനായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം സിസെയ്ക്ക് ഏറെ പ്രത്യേകതയുള്ളതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News