
ഫെബ്രുവരി 4നാണ് ലോക കാൻസർ ദിനമായി ആചരിച്ചത്. എങ്ങനെ കാൻസറിനെ ചെറുക്കാം എന്നതിനെ കുറിച്ചാണ് കാൻസർ ദിനത്തിൽ സമൂഹത്തിന് നൽകുന്ന സന്ദേശം. എന്നാൽ രോഗികളും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന മാനസിക സമ്മർദ്ദത്തിനെ കുറച്ച് ആരും തന്നെ സംസാരിക്കാറില്ല. ഇത്തരത്തിൽ മാനസിക അവബോധം കൂടെ സമൂഹത്തിന് നൽകിയാൽ മാത്രമെ കാൻസർ അവബോധം സൃഷ്ടിച്ചുവെന്ന് പൂർണമായും പറയാൻ കഴിയുകയുള്ളു.
കാൻസർ രോഗം ബാധിച്ചാൽ ഭേദമാകില്ലെന്നും മരണം സംഭവിക്കുമെന്നാണ് പൊതു ധാരണ. ഈ ചിന്ത പലപ്പോഴും രോഗിയേയും പരിചരിക്കുന്നവരേയും അനാവശ്യ ചിന്തകളിലേക്ക് നയിക്കും. ഇവിടെയാണ് മാനസിക പിന്തുണ എന്ന കാര്യം പ്രസക്തമാകുന്നത്.
ഇന്ത്യയിലെ 21ഓളം കാൻസർ സെന്ററുകളിലായി നടത്തിയ പഠനത്തിൽ 92 ശതമാനം രോഗികളും മാനസിക വിഷമത്തിലാണെന്നാണ് കാണിക്കുന്നതെന്ന് ബംഗളൂരുവിലെ എച്ച്സിജി സെന്റർ ആശുപത്രിയിലെ സൈക്കോ ഒങ്കോളജിയിലെ(psyco oncology) ഡോക്ടർ ബൃന്ദ സീതാറാം പറഞ്ഞു. 5 ൽ 3 രോഗികളും കഠിനമായ മാനസിക സമ്മർദ്ദത്തിലും കൃത്യമായ മാനഃശാസ്ത്ര ഇടപെടൽ ആവശ്യമുള്ളവരുമാണ്. ചികിത്സയുടെ ഇടയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ രോഗികളെ കഠിനമായ മാനസിക സമ്മർദ്ദിലാഴ്ത്താറുണ്ട്.
രോഗം നിർണ്ണയിക്കുന്നത് മുതൽ ചികിത്സ അവസാനിക്കുന്നത് വരെ എല്ലാ രോഗികളുടേയും മാനസികാരോഗ്യത്തിൽ കൃത്യമായ വ്യത്യാസം അനുഭവിക്കുന്നുണ്ടെന്ന് ഡൽഹി BLK മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. സജ്ജൻ രാജ്പുരോഹിത് പറഞ്ഞു. കൂടാതെ കൃത്യമായ മാനസികാരോഗ്യ സംരക്ഷണം മുഴുവൻ ചികിത്സയിലും പ്രതിഫലിക്കുമെന്നും ആത്മ വിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പഠനത്തിൽ 90 ശതമാനത്തിലധികം രോഗികളും ശരിയായ തരത്തിലുള്ള കൗൺസിലിംഗിലൂടെ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. തെറാപ്പിക്കൊപ്പം രോഗത്തിനെ സംബന്ധിച്ചുള്ള മാനസിക അവബോധം രോഗമുക്തി നിരക്ക് ഉയർത്താനും, ഭയം കുറയ്ക്കാനും സഹായിക്കും.
ഈ വർഷത്തെ കാൻസർ ദിനത്തിന്റെ പ്രമേയമായി ‘പരിചരണ വിടവ് അടയ്ക്കുക’ എന്നതാണ് ഫോർട്ടിസ് ഹെൽത്ത് കെയറിലെ മെന്റൽ ഹെൽത്ത് ആന്റ് ബിഹേവിയറൽ സയൻസസ് ഡയറക്ടർ ഡോ. സമീർ പരീഖ് അറിയിച്ചത്. പരിചരിക്കുന്നവർക്ക് കൂടി പരിഗണന നൽകുക എന്നത് ഒരു പ്രധാന ഘടകമാണ്.
അർബുദം ബാധിച്ച രോഗികൾക്ക് പിന്തുണയും പരിചരണവും നൽകുന്നതിൽ പരിചരണം നൽകുന്നവരും അവരുടെ അതേ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. മാനസിക ക്ഷേമം, മാനസികവും വൈകാരികവുമായ ക്ഷേമം, ദുരിതത്തെ നേരിടൽ എന്നിവയിലൂടെ നമുക്ക് പരിചരണ വിടവ് നികത്താൻ കഴിയും. 2016- ൽ ജേർണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് , കാൻസർ പരിചരണത്തിൽ വൈകാരിക ക്ഷേമം ആറാമത്തെ സുപ്രധാന അടയാളമായിട്ടാണ് അടയാളപ്പെടുത്തുന്നത്.
വൈകാരിക ക്ഷേമത്തിന് വേണ്ടി രോഗികളെ സ്‌ക്രീൻ ചെയ്യുന്നതിലൂടെ, അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാനും അവരുടെ ജീവിത നിലവാരം വീണ്ടെടുക്കാനും കഴിയുമെന്നും ബൃന്ദ സീതാറാം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here