വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാന്‍ ശ്രമം

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. സിപിഐ എം പുഴാതി ലോക്കല്‍ കമ്മിറ്റിയംഗവും പുഴാതി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്ക്കുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ശബ്ദംകേട്ട് ബിജുവും കുടുംബാംഗങ്ങളും വീടിന് പുറത്തിറങ്ങുമ്പോഴേക്കും സ്‌കൂട്ടര്‍ കത്തിനശിച്ചു.

തീയണച്ചതിനാല്‍ ഓട്ടോറിക്ഷയുടെ ടയര്‍മാത്രമാണ് കത്തിയത്. ഒരുപ്രശ്നവുമില്ലാത്ത പ്രദേശത്താണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സമീപത്തെ സ്‌കൂളിന് മുന്നില്‍ പലസ്ഥലങ്ങളില്‍നിന്നുള്ള സംഘം രാത്രി ഒത്തുകൂടാറുണ്ടായിരുന്നു. മദ്യ-ലഹരി വിതരണസംഘവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവര്‍ അസമയത്ത് ഒത്തുകൂടുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ലഹരിമാഫിയയാണ് അതിക്രമത്തിന് പിന്നിലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ ടൗണ്‍ പൊലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കെ വി സുമേഷ് എംഎല്‍എ, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമത്തില്‍ സിപിഐ എം പുഴാതി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News