മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ പാപ്പരത്തം; ലീഗിനെ വിമർശിച്ച് എളമരം കരിം എംപി

മുസ്ലിം ലീഗിനെ വിമർശിച്ച് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം. മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം വിമർശിച്ചു.

ന്യുനപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ച് ബിജെപിയെ ഉത്തർപ്രദേശിൽ വിജയിപ്പിക്കാൻ പ്രയത്നിക്കുന്ന ഓവൈസിയോടൊപ്പം മുസ്ലിം ലീഗ് കൂട്ട് കൂടുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്ന നിലപാടാണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിനെയും എസ്പിയെയും എതിർത്താണ് ലീഗ് ഓവൈസിയുടെ മുന്നണിയിൽ ചേർന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഉത്തർപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തെ പിന്നിൽ നിന്നും കുത്തിയാണ് മുസ്ലിം ലീഗ്, അസദുദ്ദീൻ ഒവൈസിയുടെ തീവ്രവാദ മുന്നണിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബീഹാറിൽ വർഗീയ ധ്രുവികരണം നടത്തി ന്യുനപക്ഷ വോട്ടുകൾ വിഭജിച്ച് ബിജെപിക്ക് വിജയം എളുപ്പമാക്കി കൊടുത്ത വ്യക്തിയാണ് അസദുദ്ദീൻ ഒവൈസി.

അന്ന് ബിജെപി ചാരാനെന്ന് ഒവൈസിയെ വിമർശിച്ച ഇതേ മുസ്ലിം ലീഗ് ആണ് യുപി തിരഞ്ഞെടുപ്പിൽ ഓവൈസിയുടെ മുന്നണിയിൽ ഒപ്പം മത്സരിക്കുന്നത്.ന്യുനപക്ഷ വോട്ടുകളെ ഭിന്നിപ്പിച്ച് ബിജെപിയെ ഉത്തർപ്രദേശിൽ വിജയിപ്പിക്കാൻ പ്രയത്നിക്കുന്ന ഓവൈസിയോടൊപ്പം മുസ്ലിം ലീഗ് കൂട്ട് കൂടുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം വിളിച്ചോതുന്ന നിലപാടാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിപിഐഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം വിമർശിച്ചു.

ഓവൈസിക്ക് നേരെ ഉത്തർപ്രദേശിൽ നടന്ന അക്രമത്തിന് ശേഷം അമിത്ഷാ രാജ്യസഭയിൽ പ്രസ്താവന നടത്തിയതും z കാറ്റഗറി സുരക്ഷ നൽകുമെന്ന് പറയുന്നതും സഭാ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണെന്നും ഇതിലൂടെ ഓവൈസിയും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ പരസ്യമായെന്നും എളമരം കരിം കൂട്ടി ചേർത്തു.

ഓൾ ഇന്ത്യ മജ്‌ലിസ്- ഇ ഇത്തഹാദുൽ മുസ്ലിമീൻ നേതാവായ ഒവൈസി വർഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിയെ സഹായിക്കാനാണ്‌ മുന്നണിയുണ്ടാക്കിയതെന്ന്‌ കോൺഗ്രസ്‌ ആരോപിച്ചിരിക്കെയാണ്‌ ലീഗ്‌ അവരുമായി കൈകോർക്കുന്നത്‌. ആഗ്ര, ഉന്നാവോ എന്നീ രണ്ടു മണ്ഡലങ്ങളിലാണ്‌ ലീഗ്‌ സ്ഥാനാർഥികളെ നിർത്തിയത്‌. ‌

ഒവൈസിയുടെ മുന്നണി സ്ഥാനാർഥികൾക്ക്‌ വോട്ടുതേടി കേരളത്തിൽ നിന്നുള്ള ലീഗ്‌ നേതാക്കൾ കഴിഞ്ഞ ദിവസം യുപിയിൽ പ്രചാരണത്തിനെത്തിയിരുന്നു. എംപിമാരായ ഇ ടി മുഹമ്മദ്‌ ബഷീർ, പി വി അബ്ദുൾ വഹാബ്‌, എം പി അബ്ദുൾ സമദ്‌ സമദാനി എന്നിവരാണ്‌ ഒവൈസി മുന്നണിക്കായി വോട്ട്‌ തേടിയത്‌. ന്യുനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് വളമാകുന്ന ഓവൈസിയുടെ പാർട്ടിക്കൊപ്പം ലീഗ് മത്സരിക്കുന്നതിൽ വലിയ വിമർശനമാണ് നിലവിൽ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here