‘കേന്ദ്രസർക്കാർ പരാമർശങ്ങൾക്കായി ഭൂതക്കാണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എംപിമാർ’; എളമരം കരീം എം പി

സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്രസർക്കാർ പരാമർശങ്ങൾക്കായി ഭൂതക്കാണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണ് ബഹുമാനപ്പെട്ട യുഡിഎഫ് എംപിമാരെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിപിഐഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം.

പാർലമെന്ററി പ്രവർത്തണമെന്നാൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെക്കലാണെന്നതാണ് ഇവരുടെ ധാരണ. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവകാശവാദങ്ങളുമാണ് സിൽവർലൈൻ വിഷയത്തിൽ യുഡിഎഫ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതിക്കെതിരെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മറുപടികളെ വളച്ചൊടിച്ച് ഇവർ വ്യാജപ്രചരണം നടത്തുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ച സിൽവർ ലൈൻ പദ്ധതി നിർത്തലാക്കാൻ റെയിൽ മന്ത്രാലയം നടപടി സ്വീകരിക്കുമോ എന്നതായിരുന്നു യുഡിഎഫ് എംപിമാരായ ശ്രീ. കെ.മുരളീധരനും, ശ്രീ. എൻ. കെ. പ്രേമചന്ദ്രനും കഴിഞ്ഞദിവസം റെയിൽവേ മന്ത്രിയോട് ചോദിച്ചത്. പ്രതീക്ഷക്ക് വകനൽകുന്ന ഉത്തരങ്ങളൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയതിനെ വളച്ചൊടിച്ച് പദ്ധതിക്ക്‌ കേന്ദ്ര അനുമതിയില്ല എന്ന രീതിയിൽ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ചു. സിൽവർ ലൈൻ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണെന്നും അതിനാൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാനിടയില്ല എന്നുമാണ് ആദ്യം പ്രചരിപ്പിച്ചത്. ഇടതുവിരുദ്ധരായ ഒരുപറ്റം മാധ്യമപ്രവർത്തകരും മാധ്യമ മാനേജ്മെന്റുകളും മടിയെത്തുമില്ലാതെ ഈ വ്യാജപ്രചരണം ഏറ്റുപിടിച്ചു. പക്ഷെ ജനങ്ങൾ യാഥാർഥ്യം മനസിലാക്കിയപ്പോൾ രണ്ട് കൂട്ടർക്കും പത്തി മടക്കി പിൻവാങ്ങേണ്ടിവന്നു.

ഇന്ന് ഇവർ പുതിയ അവകാശവാദവുമായി ഇറങ്ങിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിയുടെ പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തോട് ശ്രീ. കെ.മുരളീധരനും, ശ്രീ. എൻ. കെ. പ്രേമചന്ദ്രനും ലോക് സഭയിൽ ചോദ്യം ചോദിക്കുകയുണ്ടായി. പരിസ്ഥിതി മന്ത്രാലയും കൈവിട്ടു എന്നും കെ റെയിലിന് പാരിസ്ഥിതികാനുമതി ഇല്ല എന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ വരുത്താം എന്ന പ്രതീക്ഷയിലായിരിക്കണം ചോദ്യം ചോദ്യം ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് പ്രതീക്ഷിച്ച മറുപടി കിട്ടിയില്ല എന്നുമാത്രമല്ല പദ്ധതിക്ക്‌ എല്ലാ രീതിയിലും സഹായകമാകുന്ന രീതിയിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് എന്നത് ചോദ്യകർത്താക്കളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.

2006ലെ കേന്ദ്ര പാരിസ്ഥിതികഘാത വിജ്ഞാപനപ്രകാരം റെയിൽവേ, മെട്രോ റെയിൽ പദ്ധതികൾക്ക്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ല എന്ന് കേന്ദ്രസർക്കാർ അസന്നിഗ്ദ്ധമായി പാർലമെന്റിനെ അറിയിച്ചിരിക്കുന്നു. 2006ലെ വിജ്ഞാപന പ്രകാരം 39 വിഭാഗത്തിലുള്ള പദ്ധതികൾക്കാണ് പാരിസ്ഥിതികാനുമതി ആവശ്യമുള്ളത്. റെയിൽവേ, മെട്രോ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നില്ല. അതായത് സിൽവർ ലൈൻ പദ്ധതിയും ഇതിൽ പെടുന്നില്ല. ഇത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണ്. പക്ഷെ അനുമതിക്കായി കേരളം അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നും പാരിസ്ഥിതികാനുമതി നേടിയിട്ടില്ലെന്നുമാണ് ബഹുമാനപ്പെട്ട യുഡിഎഫ് എംപിമാരുടെ പുതിയ കണ്ടുപിടിത്തം. പാരിസ്ഥിതികാനുമതി അനുമതി ആവശ്യമില്ലാത്ത പദ്ധതിക്ക്‌ അനുമതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകേണ്ടതുണ്ടോ? നിങ്ങൾ ആരുടെ ബുദ്ധിയെയാണ് പരീക്ഷിക്കുന്നത്?? ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?? കേരളത്തിലെ ജനങ്ങളെയോ??

സർക്കാരിന്റെ വികസന പദ്ധതികളെ രാഷ്രീയമായി എതിർക്കുന്നത് തെറ്റായ കാര്യമല്ല. എന്നാൽ അന്ധമായ രാഷ്ട്രീയ വിരോധം വെച്ചുകൊണ്ട് വ്യാജപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് പൊറുക്കനാവാത്ത തെറ്റാണ്. കള്ളം പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന തങ്ങൾ സ്വയം ഇളിഭ്യരാകുകയാണ് എന്ന വസ്തുത ഇനിയെങ്കിലും ബഹുമാനപ്പെട്ട യുഡിഎഫ് എംപിമാർ മനസിലാക്കണം. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും നിങ്ങൾ പിന്മാറണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News