തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക

തകർന്നടിഞ്ഞിട്ടും കൊവിഡ് പോരാളിയായി ക്യൂബൻ മാതൃക

അമേരിക്കന്‍ ഉപരോധം സൃഷ്ടിക്കുന്ന ലോകപ്രതിസന്ധികള്‍ക്കിടയിലും ,ലാറ്റിനമേരിക്കയിലാകട്ടെ കരീബ്യന്‍ മേഖലയിലാകട്ടെ കോവിഡിന് പ്രതിരോധ മരുന്ന് വികസിപ്പിക്കുകയും ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് ക്യൂബ. ജനസംഖ്യയില്‍ 15% ദരിദ്രരായിട്ടും കോവിഡിന്റെ സമയത്ത് മറ്റ് സമ്പന്ന രാജ്യങ്ങളെ പോലും ഞെട്ടിച്ച രാഷ്ട്രം . ആലോചിച്ചിട്ടുണ്ടോ എങ്ങനെയാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യം വന്‍ വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ മാത്യകയായതെന്ന്?

രാജ്യത്ത് കൊവിഡ് പിടിമുറുക്കിയപ്പോള്‍ ജനങ്ങളെ രക്ഷിക്കാന്‍ സ്വന്തമായി വാക്സിനുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രം. അതും വളരെ വേഗത്തില്‍. അതിലുപരി ബഹുരാഷ്ട്ര മരുന്നു നിര്‍മ്മാണക്കമ്പനികള്‍ക്കു മുന്നില്‍ വാക്‌സിനുവേണ്ടി ഇതുവരെ കൈ നീട്ടിയിട്ടുമില്ല ക്യൂബ. ഇവക്കുപുറമെ ഇറാന്‍, വെനസ്വേല, മെക്സിക്കോ, നിക്കരാഗ്വ, വിയറ്റ്നാം എന്നിങ്ങനെ ദാരിദ്രത്തിന്റെ വക്കില്‍ നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് മതിയായ വാക്സിനുകള്‍ കയറ്റുമതി ചെയ്യാനും ക്യൂബക്ക് കഴിഞ്ഞു.

മറ്റ് രാജ്യങ്ങളിലെ വിദഗ്ധരുടെ ഉപദേശമോ സാമ്പത്തിക സഹായമോ സ്വീകരിക്കാതെയാണ് ക്യൂബ കൊവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തിനേറെ പറയുന്നു, ലോകാരോഗ്യ സംഘടനയുടെ COVAX എന്ന പ്രോഗ്രാമിലും ക്യൂബ അംഗമല്ല. ഇത് ക്യൂബയുടെ ഈ വാക്‌സിന്‍ കുതിപ്പിന് ആക്കം കൂട്ടുന്നു.

⛔️പരിമിതികള്‍ക്കിടയിലെ വാക്‌സിന്‍ യജ്ഞം……

സോബറാന 02, സോബറാന പ്ലസ്, അബ്ഡല,മംബീസ,സോബറാന 01, – എന്നിനയാണ് ഈ കരീബിയന്‍ ദ്വീപു രാജ്യം വികസിപ്പിച്ചെടുത്ത അഞ്ച് കൊവിഡ് വാക്‌സിനുകള്‍. ഇവയില്‍ ആദ്യത്തെ മൂന്ന് വാക്‌സിനുകള്‍ വിജയകരമായ പരീക്ഷണ കുത്തിനയ്പ്പുകള്‍ക്ക് ശേഷം ജനങ്ങള്‍ക്കായി ഇപ്പോള്‍ ലഭ്യമായിക്കഴിഞ്ഞു.മാത്രമല്ല ഇവ മറ്റ് രാജ്യ ങ്ങളിലേക്ക് കയറ്റി അയക്കാനും അനുമതിയുണ്ട്. മംബീസ,സോബറാന 01 ഉും ഇപ്പോൾ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് .ലോകാരോഗ്യ സംഘടനയോ മറ്റേതെങ്കിലും പ്രമുഖ അന്താരാഷ്ട്ര റെഗുലേറ്ററുകളോ അംഗീകാരം ഇതുവരെ ലഭ്യമായിട്ടില്ല. എങ്കില്‍തന്നെയും ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള രാഷ്ട്രമായി മാറാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു .

ക്യൂബയില്‍ 90 %ശതമാനത്തിലധികം ജനങ്ങളും വാക്സിന്‍ എടുത്തിട്ടുണ്ട്. മൂന്ന്‌ ഡോസായി വിതരണം ചെയ്യുന്ന ക്യുബന്‍ വാക്‌സനുകള്‍ക്ക് ഉയര്‍ന്ന ഫലപ്രാപ്തി ഉള്ളതായി ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല, പല രാജ്യങ്ങളും കുട്ടികള്‍ക്കുള്ള വാക്സിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ശങ്കിക്കുമ്പോള്‍ ക്യൂബ 2 വയസ്സുള്ള കുട്ടിക്കും ഇതിനകം തന്നെ വാക്സിന്‍ നല്‍കിക്കഴിഞ്ഞു.ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുന്നത്.

‘പ്രോട്ടീന്‍ സബ്-യൂണിറ്റ് കണ്‍ജഗേറ്റ് വാക്സിനുകള്‍’ എന്നാണ് ക്യൂബയില്‍ വികസിപ്പിച്ചെടുത്ത എല്ലാ കൊവിഡ് വാക്സിനുകളും അറിയപ്പെടുന്നത് .വാക്സിന്‍ നിര്‍മ്മാണത്തില്‍ അത്രയും പരിചയവും അനുഭവസമ്പത്തും ഉള്ള കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കും മാത്രമേ പ്രോട്ടീന്‍ സബ്-യൂണിറ്റ് കണ്‍ജഗേറ്റ് വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. ക്യൂബയെ സംബന്ധിച്ചിടത്തോളം 1950 കളില്‍ തന്നെ ആ സാങ്കേതിക വിദ്യ രാജ്യത്ത് ഇടം പിടിച്ചിരുന്നു.

⛔️കോവിഡിന് മുൻപേ നീണ്ട ക്യുബൻ കരങ്ങൾ…..

1980 കള്‍ മുതല്‍ക്കേ തന്നെ നാല്‍പ്പതിലേറെ രാജ്യങ്ങള്‍ക്ക് പലതരം പ്രതിരോധ മരുന്നുകള്‍ കയറ്റുമതി ചെയ്യ്ത ചരിത്രവും ക്യൂബയ്ക്കുണ്ട്. കൂടാതെ മസ്തിഷ്‌കജ്വരം, ഹെപ്പറ്റൈറ്റീസ് ബി, ശ്വാസകോശാര്‍ബുദം തുടങ്ങിയവയ്ക്കുള്ള കുത്തിവയ്പുകളും ഇവയില്‍പ്പെടുന്നു. മെനിഞ്ചൈറ്റിസ് പ്രതിരോധ മരുന്ന് വിതരണത്തില്‍ നോര്‍വെയ്‌ക്കൊപ്പം പങ്കാളിയായി ഈ കുഞ്ഞു ലാറ്റിനമേരിക്കന്‍ രാജ്യം. ക്യൂബയില്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും പൂര്‍ണമായും സര്‍ക്കാര്‍ ധനസഹായത്തോടെയാണ്. ഗവേഷണവും നിര്‍മ്മാണവും പരീക്ഷണവും വിതരണവും മികവോടെ അതിവേഗം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

വാക്‌സിന്‍ ഗവേഷണവും ഉല്പാദന രംഗത്ത് വലിയ അഭിമാനത്തിനു വക നല്‍കുന്ന ഉജ്വല നേട്ടങ്ങളാണ് ക്യൂബയ്ക്ക് പറയുവാന്‍ ഉള്ളത് . തങ്ങളുടെ ആരോഗ്യസംവിധാനത്തിന്റെ കരുത്ത് രാജ്യത്തിനുള്ളിലും രാജ്യാന്തരതലത്തിലും പല കാലങ്ങളായി ക്യൂബ തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്. ചികിത്സയ്ക്കുള്ള അവശ്യസാമഗ്രികളുടെ പോലും ഇറക്കുമതി കടിഞ്ഞാണിട്ടുകൊണ്ട് ആറു പതിറ്റാണ്ടു നീണ്ട അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലാണ് ഈ ഉജ്വല നേട്ടം.

സാമ്പത്തികവും സാമൂഹികവുമായി പ്രതിസന്ധി നേരിടുകയും ഭക്ഷണം, ഇന്ധനം, വിദേശ കറന്‍സി എന്നിവയുടെ ക്ഷാമം കാരണം ജനങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്ന സമയത്താണ് ക്യൂബയില്‍ കൊവിഡ് പൊട്ടി പുറപ്പെട്ടത്.
എങ്കിലും പൊരുതി നിന്നു ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രo. അതിനാൽ കൊവിഡ് ഭിത്തി മറികടന്ന് ലോകമെങ്ങും വാക്‌സിന്‍ വെളിച്ചം പരത്താൻ ക്യൂബയ്ക്കാകും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രത്യാശയോടെ ക്യൂബ വീണ്ടും മുന്നോട്ട്…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News