പി എം കെയർ ഫണ്ട്: സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

പി എം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്ട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവത്കരിച്ച പി.എം കെയർ ഫണ്ട് മുഖേന ഇക്കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പിഎം കെയർ ഫണ്ടിനെതിരെയുള്ള പ്രതിഷേധം ശക്തമായി.

പിഎം കെയർ ഫണ്ടിന്റെ സുതാര്യതയെ ചോദ്യം ചെയ്‌ത് രൂക്ഷ വിമർശനം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് പിഎം കെയർ ഫണ്ടുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. പിഎം കെയർ ഫണ്ടിൽ 2020 മാർച്ച്‌ മുതലുള്ള ഒരു വർഷ കാലയളവിൽ 36% തുക മാത്രമാണ് രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്.

10,990 കോടി രൂപയാണ് പിഎം കെയർ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വർഷം സംഭാവനയായി 3,077 കോടി ലഭിച്ചു. 2021 സാമ്പത്തിക വർഷത്തിൽ 7,679 കോടി ലഭിച്ചു. കൂടാതെ, പലിശ ഇനത്തിൽ 235 കോടിയും ലഭിച്ചു.

കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ ചെലവഴിച്ചത്. 1,392 കോടി രൂപ ചെലവഴിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങുകയും 1,311 കോടി ഉപയോഗിച്ച് 50,000 മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്ററുകളും വാങ്ങി. എന്നാൽ ഈ വിന്റിലേറ്ററുകൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ ജീവനക്കാർ ഇല്ലാത്തതിനാൽ പലതും തകരാറ് സംഭവിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തതു..

കോവിഡിന്റെ രണ്ടാം തരംഗത്തിൽ 162 ഓക്സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപയും ചെലവിട്ടു. കോവിഡ് പരിശോധനയ്ക്കായി സർക്കാർ ലാബുകൾ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മറവിൽ സാധാരണക്കാരുടെയും ദാരിദ്രരുടെയും ആനുകൂല്യങ്ങൾ വരെ എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ പിഎം കെയറിന്റെ 64% ഫണ്ടും ചിലവാക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴി വെക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here