കൊല്ലത്ത് 16കാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പനയത്ത് പതിനാറു വയസുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള മനപ്രയാസത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പനയം ചിറ്റയം സ്വദേശികളായ എഡിസന്‍റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു.

പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ വീട്ടുകാരാരും ഇത് കാര്യമായി എടുത്തുമില്ല.ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ  നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ പിന്‍വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചിറ്റയം സെന്‍റ് ചാള്‍സ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. സ്കൂളില്‍ നടത്തിയ പരീക്ഷയില്‍  മാര്‍ക്ക് കുറഞ്ഞതിന്‍റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മനോവേദനയില്‍ കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് അനുമാനം.

ഹന്ന ഒരു നായയെ  വീട്ടില്‍ ഓമനിച്ചു വളര്‍ത്തിയിരുന്നു.   നായയുടെ രോമവും മറ്റും വീട്ടില്‍ വീണ് ഹന്നയുടെ അമ്മയ്ക്ക് അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് ഈ നായയെ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.ഇതിലുളള സങ്കടവും കുട്ടിക്കുണ്ടായിരുന്നതായി സൂചനയുണ്ട്. വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ തലവഴി ഒഴിച്ച ശേഷം

തീകൊളുത്തിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ നിലവിളി പോലും പുറത്തുവരാതിരുന്നതും ആദ്യം തലഭാഗത്ത് തീപിടിച്ചതിനാലാണെന്നും പൊലീസ് അനുമാനിക്കുന്നു. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സ്കൂൾ വിദ്യാർഥിനിയായ  ഒരു അനിയത്തി കൂടിയുണ്ട് ഹന്നയ്ക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News