ദീലീപ് അടക്കം മൂന്ന് പേരുടെ ശബ്ദസാംപിള്‍ ശേഖരിച്ചു

വധഗൂഢാലോചന കേസില്‍ നടന്‍ ദീലീപ് അടക്കം മൂന്ന് പേരുടെ ശബ്ദസാംപിള്‍ ശേഖരിച്ചു. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാണ് ശബ്ദസാംപിള്‍ എടുത്തത്. അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

ദിലീപ്, അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ രാവിലെ 11 മണിയോടെയാണ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാംപിള്‍ നല്‍കിയത്. ദിലീപിന്റെ അഭിഭാഷകയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രനും നടപടിക്രമങ്ങളുടെ ഭാഗമായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയിരുന്നു.

സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി പൊലീസും ക്രൈംബ്രാഞ്ച് സംഘവും നേരത്തേ നിലയുറച്ചു. പിന്നാലെയാണ് ദിലീപടക്കമുളളവര്‍ എത്തിയത്. രണ്ട് മണിക്കൂറോളം സമയമെടുത്താണ് ശബ്ദസാംപിള്‍ നടപടി പൂര്‍ത്തിയാക്കിയത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് എസ്പി മോഹനചന്ദ്രന്‍ അറിയിച്ചു.

ദിലീപിനോട് പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ബാലചന്ദ്രകുമാറിന്റെ ഓഡിയോയും ദിലീപിന്റേതടക്കം ശബ്ദസാംപിളും താരതമ്യം ചെയ്ത ശേഷമാകും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് പോകുക. അതേസമയം ബാലചന്ദ്രകുമാറിനെതിരായി പീഡന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

എളമക്കര സ്റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയ കണ്ണൂര്‍ സ്വദേശിനിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ കേസന്വേഷണത്തിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ എളമക്കര പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News