പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം;നേട്ടത്തില്‍ അഭിമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി

2021 നവംബറില്‍ കൊവിഡ് ലോക്ഡൗണാനന്തരം സ്‌കൂള്‍ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച വെബിനാര്‍ സീരിസിന് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം. ഒരു മാസകാലയളവില്‍ ഏറ്റവും കൂടുതല്‍ വെബിനാറുകള്‍ സംഘടിപ്പിച്ചതിനാണ് അംഗീകാരം. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയുള്ള 31 ദിവസ കാലയളവില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.

മനോഭാവ നിര്‍മ്മാണം, ജീവിത നൈപുണികള്‍, ക്രിയാത്മക നൈപുണികള്‍, ആരോഗ്യ ജാഗ്രത, ടെക്‌നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്റ് ക്രൈസിസ് മാനേജ്‌മെന്റ് എന്നീ പ്രമേയങ്ങളോടെ 249 സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ വെബിനാര്‍ സീരിസില്‍ വിഷയാവതരണങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ദര്‍ അവതാരകരായി എത്തിയ സീരീസില്‍ വിവിധ വിഷയ മേഖലകളില്‍ ഗ്രാഹ്യമുള്ള വിദ്യാര്‍ത്ഥി പ്രതിഭകളും റിസോഴ്‌സ് പേഴ്‌സണായി പങ്കെടുത്തിരുന്നു.

സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളില്‍ യു ടൂബ് സ്‌ക്രീനിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത 131 സെഷനുകളാണ് ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷനില്‍ 500 പേര്‍ക്ക് പങ്കെടുക്കാവുന്ന സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കപ്പെട്ട പരമാവധി എണ്ണം വെബിനാറുകള്‍ എന്ന നിലയില്‍ ഈ നേട്ടം ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമീപ ഭാവിയില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേട്ടത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു. അഭിമാനകരമായ നേട്ടമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News