
തൃശ്ശൂര്‍ ജില്ലയിലെ വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രത സമിതികള്‍ ഉടന്‍ രൂപീകരിക്കാനും ഈ പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് സോളാര്‍ റെയില്‍ ഫെന്‍സിങ്ങുകളും ആനമതിലും സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതിരപ്പിള്ളി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റേതാണ് തീരുമാനം.
ആവശ്യം ഉള്ള ഇടങ്ങളില്‍ ട്രഞ്ച് , ആനമതില്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കും. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വനം മന്ത്രി അടുത്ത ദിവസം തന്നെ അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാന കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം സന്ദര്‍ശിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വളന്ററി ഫോഴ്‌സിന് രൂപം നല്‍കും .
വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയിടുന്നത്. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലയില്‍ അപകടകാരികളായുള്ളത് മൂന്ന് കാട്ടാനകളാണ്. വനംവകുപ്പ് അധികൃതര്‍ അറിയിച്ചതനുസരിച്ച് ഇവയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.
യോഗത്തില്‍ ടി.ജെ.സനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ്, കളക്ടര്‍ ഹരിത വി.കുമാര്‍ എന്നിവരും പങ്കെടുത്തു. തിങ്കളാഴ്ച്ച വൈകീട്ടാണ് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരി മരിക്കാനിടയായത്. കുട്ടിയുടെ പിതാവിനും മുത്തച്ഛനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാട്ടാനകളുടെ ആക്രമണത്തിനെതിരെ ശാശ്വത നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു സര്‍വകക്ഷി യോഗം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here