‘ഇത് ബാബുവിന്റെ ദിവസം’; സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം

മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഷെയ്ന്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്.

“ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. നീണ്ട 46 മണിക്കൂർ പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം”, ഷെയ്ന്‍ കുറിച്ചു. ആന്‍റണി വര്‍ഗീസ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.

മലമ്പുഴ ചെറാട് കുമ്പാച്ചി മലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കയറുന്നതിനിടെ ചെറാട് സ്വദേശി തന്നെയായ ആര്‍ ബാബുവാണ് അപകടത്തില്‍ പെട്ടത്. മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയത്ത് ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. തിരികെയെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോയെടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായത്. കേരളത്തില്‍ ഒരു വ്യക്തിക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here