ആശങ്കപരത്തി എച്ച്‌ഐവി വകഭേദം: വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വേഗത്തില്‍ പടരുമെന്ന് പഠനം

കാലം ഇത്ര പുരോഗമിച്ചിട്ടും, സാങ്കേതിക സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പഴഞ്ചനായി തന്നെ തുടരുന്നു എന്നതാണ് വാസ്തവം. അതാണ് പച്ചപരമാര്‍ഥം. അത്തരത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് എച്ച്.ഐ.വി. എയ്ഡ്‌സ് രോഗത്തെപ്പറ്റിയുമുള്ള കൃത്യമായ അവബോധമില്ലായ്മ, ചികിത്സയില്ലാത്ത അസുഖം, രോഗിയെ കണ്ടാലോ തൊട്ടാലോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധജടിലമായ തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹത്തില്‍ നടമാടുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എച് ഐ വി വൈറസിന്റെ പുതിയ വകഭേതത്തെ കണ്ടെത്തി എന്ന തരത്തിലാണ് .

വി.ബി വകഭേദം അതിവേഗത്തില്‍ പ്രതിരോധ സംവിധാനത്തെ ബാധിക്കും

നെതര്‍ലാന്‍ഡില്‍ കണ്ടെത്തിയ വി.ബി എന്ന ഈ പുതിയ വകഭേദത്തിന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതി വേഗം പകരാന്‍ സാധിക്കും . വൈറസ് ശരീരത്തില്‍ പ്രവേശിച്ച വ്യക്തിയില്‍ എയ്ഡ്‌സിന്റെ ലക്ഷണങ്ങള്‍ വേഗം രൂപപ്പെടുമെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ് എങ്കില്‍ തന്നെയും മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2014ലും വി ബി വകഭേദം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോട്ടില്‍ പരാമര്‍ശിക്കുന്നു. എയ്ഡ്‌സിന്റെ വി.ബി വകഭേദത്തിന് മറ്റു വകഭേദങ്ങളെക്കാള്‍ രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍, കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകം വി.ബി വകഭേദം എയ്ഡ്‌സ് എന്ന ഘട്ടത്തില്‍ എത്തിക്കും. ”മുപ്പതുകളില്‍ എച്ച്.ഐ.വി വി.ബി അണുബാധയേറ്റവര്‍ ഉടന്‍ ചികിത്സ തുടങ്ങിയില്ലെങ്കില്‍ ഒമ്പതു മാസമാവുമ്പോഴേക്കും അഡ്വാന്‍സ് സ്റ്റേജില്‍ എത്തും. പ്രായമേറിയവരില്‍ വേഗത അതിലും കൂടുതലായിരിക്കും.” എന്നാണ്് ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ ഗവേഷകനായ ക്രിസ് വൈമാന്ത് പറയുന്നു.

ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. ടി സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന സിഡി 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്. അങ്ങനെ ഇവ രോഗപ്രതിരോധശേഷിയെ താറുമാറാക്കുന്നു. എച്ച്.ഐ.വി. ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. അങ്ങനെ അവര്‍ക്ക് അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടുന്നു. ഈ രോഗത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് സിഡി 4 കോശങ്ങളുടെ അളവ് അനുസരിച്ചാണ്. ഇത്തരത്തില്‍ ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാല്‍ വിബി വകഭേദം ബാധിച്ചവര്‍ക്കും ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എണ്‍പതുകളില്‍ ആരംഭം

1980-90 കാലഘട്ടത്തിലാണ് ഈ വൈറസിന്റെ ഉത്ഭവം. എച്ച്.ഐ.വിയുടെ ജനിതകശാസ്ത്രവും പരിണാമസ്വഭാവവും പരിശോധിക്കാന്‍ 2014ല്‍ രൂപീകരിച്ച ബീഹൈവ് പ്രൊജക്ടിന്റെ ഭാഗമായുള്ള ഗവേഷകരാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. യൂറോപ്പിലെ ഏഴു രാജ്യങ്ങളില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമുള്ള വിവരങ്ങളാണ് പ്രൊജക്ടിന്റെ ഭാഗമായി ശേഖരിക്കുന്നത്. അങ്ങനെ ശേഖരിച്ച 17 പേരുടെ രക്തത്തില്‍ അമിതമായി വൈറസിനെ കണ്ടെത്തി. അതില്‍ 15 പേര്‍ നെതര്‍ലാന്‍ഡുകാരായിരുന്നു. ഒരാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് പൗരനും മറ്റൊരാള്‍ ബെല്‍ജിയം പൗരനുമായിരുന്നു.കൂടാതെ സിഡി4 കോശങ്ങളുടെ അളവ് വളരെ കുറവുമായിരുന്നു. ബാക്കിയുള്ള സിഡി4 കോശങ്ങള്‍ അതിവേഗം നശിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് വൈറസ് സാമ്പിള്‍ ശേഖരിച്ച് ജനിതകപരിശോധന നടത്തിയത്. സാധാരണ കണ്ടുവരുന്ന എച്ച്.ഐ.വിയില്‍ നിരവധി തവണ ജനിതകമാറ്റം വന്നതാണ് ഇവരുടെ ശരീരത്തില്‍ ഉള്ള വൈറസാണെന്നാണ് ഗവേഷകര്‍ക്ക് ബോധ്യപ്പെട്ടത്. എച്ച്.ഐ.വിയുടെ ലഭ്യമായ എല്ലാ ജനിതക വിവരങ്ങളും ശേഖരിച്ച് നിര്‍മിച്ച ‘ഫൈലോജെനിറ്റിക് ട്രീ’ (മനുഷ്യരിലെ ഫാമിലി ട്രീ പോലെ) നോക്കുമ്പോള്‍ ഈ വകഭേദം നെതര്‍ലാന്‍ഡില്‍ രൂപപ്പെട്ടതാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വി.ബി വകേഭേദം കണ്ടെത്തിയത് 109 പേരിലാണ്.

നിലവില്‍ എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി റെട്രോവൈറല്‍ മരുന്നുകള്‍ വി.ബി വകഭേദത്തിനെ ചികിത്സിക്കാന്‍ പ്രായോഗികമാണെന്ന് തെളിഞ്ഞിട്ടുണ്ട് ഇത്തരത്തില്‍ ആന്റി റെട്രോവൈറല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് അണുബാധ എയ്ഡ്‌സ് ഘട്ടത്തിലേക്ക് പോവുന്നത് തടയാന്‍ സഹായിക്കും. അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാനും ഇത് വഴി തെളിക്കും. ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോട്ടില്‍ നിന്നും വ്യക്തമാണ്.

എയ്ഡ്‌സ് രോഗമുക്തി നേടിയവരുണ്ട്

ലോകത്ത് ഇതുവരെ എയ്ഡ്സ് രോഗത്തില്‍ നിന്നും രണ്ടു പേര്‍ മുക്തി നേടിയിട്ടുണ്ട്. എച്ച്.ഐ.വിയോട് പ്രതിരോധ ശേഷിയുള്ള ആളുടെ മജ്ജ മാറ്റിവെച്ചാണ് ഇത് സംഭവിച്ചത്. 2007 ല്‍ തിമോത്തി ബ്രൗണ്‍ എന്ന ജര്‍മ്മനിക്കാരനും. 2020ല്‍ ആഡം കാസ്റ്റിലെജോ എന്ന ലണ്ടന്‍ സ്വദേശിയും. തിമോത്തി കാന്‍സര്‍ സംഭവിച്ച് 2020 സെപ്റ്റംബറില്‍ മരണപ്പെട്ടു.

ഇത്രയൊക്കെ സംവിധാനങ്ങള്‍ ആയെങ്കിലും എച്ച്.ഐ.വി. രോഗബാധ ഇപ്പോഴും ഇന്ത്യയില്‍ പടരുന്നുണ്ട് മരണങ്ങളും സംഭവിക്കുന്നുണ്ട്. സമൂഹത്തില്‍ ഈ രോഗബാധിതരോടുള്ള സമീപനം ഇനിയും മാറേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ രോഗം സംശയിക്കുന്ന ആളുകള്‍ ടെസ്റ്റിങ്ങിനും ചികിത്സയ്ക്കും തയ്യാറാവുകയുള്ളൂ. കൃത്യസമയത്തെ രോഗനിര്‍ണയത്തിലൂടെയും ചിട്ടയായ പ്രതിരോധ പ്രവര്‍ത്തങ്ങളിലൂടെയും രോഗത്തെ വരുതിയിലാക്കാന്‍ സാധിക്കും.

വകഭേദങ്ങള്‍ ഏതു വന്നാലും തളരാതെ കരുത്തോടെ നേരിടാം എന്നതാണ് ഏറ്റവും വലിയ മരുന്ന്. പ്രതിരോധിക്കാം പ്രവര്‍ത്തിക്കാം ഈ രോഗത്തിനെതിരെ ഒരുമയോടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News